ചരക്ക് ലോറി ഡ്രൈവര്‍മാര്‍ പൊതു ഇടപെടല്‍ ഒഴിവാക്കണം

post

വയനാട് : അന്യ സംസ്ഥാനങ്ങളില്‍ നിന്ന് തിരികെ എത്തുന്ന ചരക്ക് ലോറി ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ഇവര്‍ പൊതു ഇടങ്ങളില്‍ സമ്പര്‍ക്കം നടത്താന്‍ പാടില്ല. ഡ്രൈവറായി വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ചരക്ക് ലോറികളില്‍ എത്തുന്ന ഡ്രൈവര്‍മാരെ മുത്തങ്ങ ചെക്പോസ്റ്റില്‍ പരിശോധന നടത്തും. സ്വന്തം വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കാനുള്ള സൗകര്യമുള്ളവര്‍ക്ക് വീട്ടിലേക്ക് പോവാന്‍ സാധിക്കും. അല്ലാത്തവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് അയക്കും. ഇത് നിരീക്ഷണ കാലമായി പരിഗണിക്കില്ല. പൊതു ഇടപെടല്‍ ഒഴിവാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ചരക്ക് ലോറി ചെക്പോസ്റ്റില്‍ അണുനശീകരണത്തിന് വിധേയമാക്കിയ ശേഷം മറ്റൊരു ഡ്രൈവറെ ജോലിയ്ക്ക് നിയോഗിച്ച് സാധനങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തിക്കും. ഡ്രൈവര്‍മാരെ മുത്തങ്ങ ചെക്പോസ്റ്റില്‍ നിന്ന് വീടുകളിലെത്തിക്കുന്നതിന് ആവശ്യമായ വാഹന സൗകര്യവും അധികമായി വേണ്ടി വരുന്ന ഡ്രൈവറെയും അതത് വ്യാപാര സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്.  ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് കളക്ട്രേറ്റില്‍ ചേരുന്ന യോഗത്തില്‍ ഉണ്ടാവും.