സഹായഹസ്തം: കോന്നിയില്‍ 17.95 കോടി രൂപ പലിശരഹിത വായ്പയായി നല്‍കും

post

പത്തനംതിട്ട : കോന്നി നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ അംഗങ്ങള്‍ക്ക് 17.95 കോടി രൂപ പലിശരഹിത വായ്പയായി നല്‍കുമെന്ന് കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വായ്പാ വിതരണത്തിന്റെ നിയോജക മണ്ഡലംതല ഉദ്ഘാടനം മലയാലപ്പുഴ പഞ്ചായത്തില്‍ നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ.

   കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക്  വരുമാനമില്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി പ്രകാരം 2000 കോടി രൂപയുടെ വായ്പയാണ് കുടുംബശ്രീ അംഗങ്ങള്‍ക്കായി സംസ്ഥാനമൊട്ടാകെ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് കോന്നി നിയോജക മണ്ഡലത്തിലേക്കും തുക അനുവദിച്ചിരിക്കുന്നത്.

    കലഞ്ഞൂര്‍ - രണ്ടു കോടി, ഏനാദിമംഗലം - 1.65 കോടി, കോന്നി - 1.93 കോടി, പ്രമാടം - രണ്ടു കോടി, വള്ളിക്കോട്-1.5 കോടി, മൈലപ്ര - 85 ലക്ഷം, സീതത്തോട് -1.65 കോടി, മലയാലപ്പുഴ- 1.5 കോടി, ചിറ്റാര്‍ - 1.5 കോടി, അരുവാപ്പുലം-1.9 കോടി, തണ്ണിത്തോട് - 1.5 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. 36 മാസം കാലാവധിയുള്ള വായ്പയായാണ് തുക നല്‍കുന്നത്. ആറു മാസം വായ്പയ്ക്ക് മൊറട്ടോറിയമാണ്. പിന്നീടുള്ള 30 മാസം ഗഡുക്കളായി തുക തിരിച്ചടയ്ക്കണം.

     മലയാലപ്പുഴ പഞ്ചായത്തില്‍ ഒന്നരക്കോടി രൂപ, 15,000 രൂപ വീതം 1000 കുടുംബങ്ങള്‍ക്കാണ് നല്‍കുന്നത്. കേരള ഗ്രാമീണ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജയലാല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത അനില്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എ ജലജകുമാരി, വൈസ് ചെയര്‍പേഴ്‌സണ്‍ ലൗലി പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.