ചരക്ക് വണ്ടികള്‍ തടസപ്പെടുത്താതെ അതിര്‍ത്തിയില്‍ ശക്തമായ നിയന്ത്രണം-മന്ത്രി എ.കെ.ബാലന്‍

post

പാലക്കാട് : അന്യസംസ്ഥാനങ്ങളില്‍ കോവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചരക്ക് ഗതാഗതം തടസപ്പെടുത്താതെ  അതിര്‍ത്തികളില്‍ നിയന്ത്രണം ശക്തമാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളും അതിര്‍ത്തിയിലെ നിയന്ത്രണവും സംബന്ധിച്ച് മന്ത്രിമാരായ എ.കെ.ബാലന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തികളിലൂടെ എല്ലാ ദിവസവും ശരാശരി അയ്യായിരത്തോളം പേരാണ്  ജില്ലയിലെത്തുന്നത്. കഴിഞ്ഞ ദിവസം 2870 വണ്ടികളിലായി 4314 പേരാണ് അതിര്‍ത്തി കടന്നെത്തിയത്. വാളയാറില്‍ മാത്രം ദിവസേന 1500 വാഹനങ്ങള്‍ എത്തുന്നുണ്ട്.

എട്ട് ചെക്പോസ്റ്റുകളില്‍, 44 ഇടവഴികളില്‍ ഫലപ്രദ പോലീസ് സംവിധാനം വഴി 24 മണിക്കൂര്‍ പരിശോധന

ജില്ലയിലെ എട്ട് ചെക്പോസ്റ്റുകളിലും 44 ഊടുവഴികളിലുമായി  രണ്ട് ഡി.വൈ.എസ്.പി മാര്‍, 400 പോലീസുകാര്‍,  27 എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാര്‍ എന്നിവരെ 24 മണിക്കൂറും കര്‍ശന പരിശോധന നടത്തുന്നതിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ  എക്സൈസ് വകുപ്പും 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട്.

അതിര്‍ത്തി വീടുകളില്‍ പരിശോധന, പി.എച്ച്.സികളില്‍ വേണ്ടത്ര സൗകര്യം

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ മിക്ക വീടുകളിലും പരിശോധന നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിര്‍ത്തിയിലെ കോവിഡ് കേസുകള്‍ ഉടന്‍ തിരിച്ചറിയാന്‍ സാധിക്കും. ഇതിന്റെ ഭാഗമായി പാലക്കാട്, കോയമ്പത്തൂര്‍ അതിര്‍ത്തി ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തി സംയുക്ത വിവര കൈമാറ്റവും സാധ്യമാകും. പരമാവധി പി.സി.ആര്‍ ടെസ്റ്റുകള്‍ ജില്ലയില്‍ നടത്താന്‍ സാധിക്കും. തൃശൂരിലേക്കാണ് ഇതുവരെ അയച്ചിരുന്നത്. ഒപ്പം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോജിയിലേയ്ക്കും കോവിഡ് പരിശോധനയ്ക്കായി സാമ്പിളുകള്‍ അയക്കും.

ഏജന്റുമാര്‍ക്കെതിരെ കര്‍ശന നിയമ നടപടി

പച്ചക്കറി വണ്ടികള്‍, മറ്റ് ചരക്ക് വണ്ടികള്‍ എന്നിവ വഴി അനധികൃതമായി അതിര്‍ത്തി  കടക്കാന്‍ സഹായിക്കുന്ന ഏജന്റുമാരെ പോലീസ്, ഇന്റലിന്‍സ് സഹായത്തോടെ കണ്ടെത്തി  കര്‍ശന നിയമ നടപടി സ്വീകരിക്കും. വാഹനത്തിലെ ഡ്രൈവര്‍മാരുടെ വിശദാംശങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മാനസിലാക്കാനാകും. കൂടാതെ ഡ്രൈവറില്‍ നിന്നും സത്യവാങ്മൂലവും വാങ്ങിക്കും.

നിലവില്‍ ഗര്‍ഭിണികള്‍, കേരളത്തില്‍ ചികിത്സ അത്യാവശ്യമായ രോഗികള്‍, മരണപ്പെട്ട അടുത്ത ബന്ധുക്കളെ കാണാനെത്തുന്നവര്‍, മരണാസന്നരായ ബന്ധുക്കളെ കാണാനെത്തുന്നവര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇളവ്. വരുന്നവര്‍ വരുന്ന ജില്ലയിലേയും പോകേണ്ട ജില്ലയിലേയും കലക്ടര്‍മാരുടെ പാസ് ഹാജരാക്കണം. മരണവുമായി ബന്ധപ്പെട്ട വരുന്നവര്‍ സത്യവാങ്മൂലം നല്‍കിയാല്‍ മതി.

ഗ്രീന്‍സോണില്‍ ഉള്‍പ്പെട്ടിരുന്ന കോട്ടയത്തും ഇടുക്കിയിലും വീണ്ടും രോഗബാധ ഉണ്ടായ സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലയായ പാലക്കാടില്‍ ഏറെ ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തര ഘട്ടം വന്നാല്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രി സജ്ജം

അടിയന്തര ഘട്ടത്തില്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍, ഐ.സി.യു ഉള്‍പ്പെടെ എല്ലാം സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

നിയന്ത്രണ വിധേയമായി നാളികേര തൊഴിലാളികളെ പ്രയോജനപ്പെടുത്തും

അതിര്‍ത്തി പ്രദേശങ്ങളില്‍ നാളികേര കൃഷിയുള്‍പ്പെടെ ആയിരക്കണക്കിന് കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പുറത്ത് നിന്ന് തൊഴിലാളികളെ ആവശ്യമായി വരും. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

മണ്‍സൂണ്‍ വരാനിരിക്കുന്നു, കോവിഡിന്റെയും പശ്ചാത്തലത്തില്‍ ഇന്‍സിഡന്റല്‍ കമാന്‍ഡര്‍മാര്‍ക്ക് ചുമതല

സംസ്ഥാനത്ത് മണ്‍സൂണ്‍ ആരംഭിക്കാനിരിക്കെ കോവിഡിനു പുറമെ എലിപ്പനി, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ മഴക്കാല രോഗങ്ങളെയും കരുതിയിരിക്കണം. ജില്ലയില്‍ കടമ്പഴിപ്പുറം, കല്ലടിക്കോട് എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ ആവശ്യമായതിനാല്‍ തഹസില്‍ദാര്‍മാരെ ഇന്‍സിഡന്റല്‍ കമാന്‍ഡര്‍മാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യസേതു മൊബൈല്‍ ആപ്പ് ഉപയോഗിക്കും

അതിര്‍ത്തി വഴി ജില്ലയിലെത്തുന്നവരുടെ ആരോഗ്യവിവരങ്ങള്‍ ആരോഗ്യസേതു മൊബൈല്‍ ആപ്പിലൂടെ ശേഖരിച്ച് രേഖപ്പെടുത്തും. അതിര്‍ത്തി വഴി വരുന്ന എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കാനാവില്ല. അതിനാല്‍ അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങള്‍, യാത്രക്കാര്‍, യാത്രക്കാരുടെ ആരോഗ്യവിവരങ്ങള്‍ എന്നിവ സൂചിപ്പിക്കുന്ന കോവിഡ് കെയര്‍ കേരള വെഹിക്കിള്‍ ട്രാന്‍സിറ്റ് മോണിറ്ററിംഗ് സിസ്റ്റം ഫലപ്രദമായി നടപ്പിലാക്കി വാഹനങ്ങളിലെ ജീവനക്കാരുടെ ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്തും.

പരാതിയില്ലാതെ റേഷന്‍ വിതരണം

ലോക് ഡൗണിനോടനുബന്ധിച്ച് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ റേഷന്‍, കിറ്റ് വിതരണം ജില്ലയില്‍ ഒരു പരാതിയും കൂടാതെ തന്നെ നടത്താന്‍ സാധിച്ചു. അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ 48000 ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. മുന്‍ഗണനാ വിഭാഗത്തിനായുള്ള (പിങ്ക് കാര്‍ഡ്) കിറ്റ് വിതരണം ആരംഭിച്ചു. 3,90000 കാര്‍ഡുടമകളാണ് ഈ വിഭാഗത്തിലുള്ളത്. അതിനു ശേഷം സബ്‌സിഡി, നോണ്‍ സബ്‌സിഡി വിഭാഗക്കാര്‍ക്കുള്ള കിറ്റുകള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

അതിഥി തൊഴിലാളികള്‍ക്ക് കിറ്റുകള്‍ നല്‍കും

ജില്ലയില്‍ 1800 ക്യാംപുകളിലായി 27,956 അതിഥി തൊളിലാളികള്‍ക്ക് അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. രണ്ടാംഘട്ട കിറ്റുകളുടെ വിതരണം പൂര്‍ത്തിയായി. ജില്ലയില്‍ പലയിടത്തും മൂന്നാംഘട്ട വിതരണം ആരംഭിച്ചിട്ടുണ്ട്.

ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, എ.ഡി.എം.ടി.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.