ബാവലിയില്‍ മന്ത്രി സന്ദര്‍ശനം നടത്തി

post

വയനാട് : കൊവിഡ് 19 പശ്ചാത്തലത്തില്‍ തിരുനെല്ലി പഞ്ചായത്തിലെ അതിര്‍ത്തി ചെക്ക് പോസ്റ്റായ ബാവലിയില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ സന്ദര്‍ശിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ബാവലിയില്‍ എത്തിയത്. ചെക്ക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന അധ്യാപികമാര്‍, ആശ വര്‍ക്കര്‍മാര്‍, ആരോഗ്യ വകുപ്പ് , റവന്യൂ ,പോലീസ് ഉദ്യോഗസ്ഥരില്‍  നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

     തിരുനെല്ലി പഞ്ചായത്തില്‍ കുരങ്ങു പനി കൂടുന്ന സാഹചര്യത്തില്‍ മേഖലയില്‍ നടത്തുന്ന പ്രതിരോധ നടപടികളെക്കുറിച്ച് മന്ത്രി പഞ്ചായത്ത് പ്രസിഡന്റിനോട് അന്വേഷിച്ചു. വനാതിര്‍ത്തിയോട് ചേര്‍ന്നുളളവര്‍ക്ക് നിര്‍ബന്ധമായും മൂന്ന് തവണ വാക്സിനേഷന്‍ കുത്തിവെയ്പ്പ് നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കി. ജാഗ്രത നടപടികളില്ലാതെ ആരെയും വനത്തില്‍ യാതൊരു കാരണവശാലും പ്രവേശിപ്പിക്കരുത്.  കരുതല്‍ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.  സബ് കലക്ടറുടെ അധ്യക്ഷതയില്‍ ഫോറസ്റ്റ്, ഹെല്‍ത്ത്, പഞ്ചായത്ത്, പോലീസ് എന്നിവരുടെ സഹായത്തോടെ പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മായാദേവി,  സബ് കലക്ടര്‍ വി കല്‍പ് ഭരദ്വാജ്, ഡി.എഫ്.ഒ രമേഷ് ബിഷ്നോയ് ,ജില്ലാ ട്രാന്‍സ്പോര്‍ട്ട് മേധാവി എം.പി. ജെയിംസ്, തഹസില്‍ദാര്‍ എന്‍.ഐ ഷാജു, തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.