കാരുണ്യമഴ തുടരുന്നു: ദേലമ്പാടിയിലെ കര്‍ഷകന്‍ മൂന്ന് ലക്ഷം രൂപ നല്‍കി

post

കാസര്‍കോഡ്: കോറോണ എന്ന മഹാമാരി സംസ്ഥാനത്ത് ദുരന്തം വിതയ്ക്കുമ്പോള്‍, സംസ്ഥാന സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന് കാസര്‍കോട് ദേലമ്പാടിയിലെ കര്‍ഷകന്റെ സാമ്പത്തിക കൈതാങ്ങ്. ദേലമ്പാടി പഞ്ചായത്തിലെ അഡൂര്‍ വില്ലേജിലെ ബളക്കില നടാഷ വീട്ടിലെ എ. ബി. അഹമ്മദ് അലി എന്ന കര്‍ഷകനാണ് മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ദുരിതാശ്വാസ നിധയിലേക്ക് തുക കൈമാറാനുള്ള താല്‍പര്യം അറിയിച്ചതിനെ തുടര്‍ന്ന് അഡൂര്‍ വില്ലേജ് ഓഫീസര്‍ ബിന്ദു ഇദ്ദേഹത്തിന്റെ വസതിയില്‍ എത്തി തുക കൈപ്പറ്റി.

നാട്ടുകാര്‍ക്കിടയില്‍ അലിച്ച എന്ന് അറിയപ്പെടുന്ന ഇദ്ദേഹം അഡൂര്‍ വില്ലേജിലെ ഒരു മുന്‍നിര കര്‍ഷകന്‍ ആണ്. റബ്ബര്‍, അടയ്ക്ക, തേങ്ങ, കൊക്കോ എന്നിവയാണ് പ്രധാനമായും ഇദ്ദേഹത്തിന്റെ കൃഷി. ഭാര്യയും ഒരു മകളും ഉണ്ട്.