രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ 67,438 ഭക്ഷ്യധാന്യ കിറ്റ്

post

വിതരണം ഏപ്രില്‍ 27 മുതല്‍

വയനാട് : ജില്ലയിലെ രണ്ടാം ഘട്ട സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഏപ്രില്‍ 27 മുതല്‍ തുടങ്ങും. ഈ ഘട്ടത്തില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റുകള്‍ ലഭിക്കുക.  ജില്ലയില്‍ 67,438 പിങ്ക് കാര്‍ഡ് ഉടമകളാണുള്ളത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സാമൂഹിക അകലം പാലിച്ച്  അതത് റേഷന്‍ കടകള്‍ വഴിയാണ് ഇവ വിതരണം ചെയ്യുക. കോവിഡ് 19 രോഗ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യ കിറ്റ് നല്‍കുന്നത്.

റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്ന തീയതി ക്രമീകരിച്ചിട്ടുള്ളത്. പൂജ്യം അക്കത്തില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ഏപ്രില്‍ 27 ന് നല്‍കും. ഏപ്രില്‍ 28 - ഒന്ന്, ഏപ്രില്‍ 29 - രണ്ട്, ഏപ്രില്‍ 30 - മൂന്ന്, മെയ് 2 - നാല്, മെയ് 3 - അഞ്ച് , മെയ് 4 - ആറ് , മെയ് 5 - ഏഴ്, മെയ് 6 - എട്ട്, മെയ് 7 - ഒമ്പത് എന്നീ ക്രമത്തിലാണ് വിതരണം നടത്തുക. ആദ്യ ഘട്ടത്തില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയായി. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റുകള്‍ അടുത്ത ഘട്ടങ്ങളിലായി നല്‍കും.

    ജില്ലയില്‍ വിതരണത്തിന് ആവശ്യമായ കിറ്റുകള്‍ ഇതിനോടകം തന്നെ റേഷന്‍ കടകളില്‍ എത്തിച്ചിട്ടുണ്ട്. പതിനേഴ് ഭക്ഷ്യധാന്യ വസ്തുക്കള്‍ ഉള്‍പ്പെടുന്നതാണ് കിറ്റുകള്‍. എല്ലാ സപ്ലൈകോയിലും പ്രത്യേകം മുറികള്‍ സജ്ജീകരിച്ച് സപ്ലൈകോ ജീവനക്കാര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് തയ്യാറാക്കുന്നത്.