ഐആം ഫോര്‍ ആലപ്പി: മത്സ്യബന്ധന വള്ളങ്ങള്‍ വിതരണം ചെയ്തു

post

ആലപ്പുഴ: ഉള്‍നാടന്‍ മത്സ്യബന്ധന മേഖല കടുത്ത വെല്ലുവിളികളാണ് നേരിടുന്നതെന്നും സംസ്ഥാന സര്‍ക്കാരും ഫിഷറീസ് വകുപ്പും മത്സ്യതൊഴിലാളികള്‍ക്കായി ഒട്ടെറെ പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഐആം ഫോര്‍ ആലപ്പിയുടെ 'ഡോണേറ്റ് എ ബോട്ട്, ഡൊണേറ്റ് എ ലൈവ്‌ലീഹുഡ്' പദ്ധതി പ്രകാരം ഉള്‍നാടന്‍ മത്സ്യ തൊഴിലാളികള്‍ക്കുള്ള മത്സ്യബന്ധന വള്ളങ്ങളുടെ വിതരണം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

വിവിധ ജില്ലകളിലായി പരന്നുകിടക്കുന്ന വേമ്പനാട്, അഷ്ടമുടി കായലുകളിലെ പ്രത്യേകം തിരഞ്ഞെടുത്ത 30 ഹെക്ടര്‍ സ്ഥലം കണ്ടെത്തി സംരക്ഷിത മേഖലയായി പ്രഖ്യാപിക്കും. വേമ്പനാട് കായലില്‍ മാത്രം 14 സ്ഥലങ്ങളാണ് സംരക്ഷിത കേന്ദ്രമായി പ്രഖ്യാപിക്കുന്നത്. മീനുകളുടെ പ്രജനനം നടത്തുന്നതിനാണിത്. അനുദിനം നശിക്കുന്ന കായല്‍ സമ്പത്തിനെ സംരക്ഷിച്ച് പുനരുദ്ധരിക്കാന്‍ ഇതിലൂടെ സാധിക്കും. 

റും ഫോര്‍ റിവര്‍ എന്ന പദ്ധതിയാണ് ഉള്‍നാടന്‍ മത്സ്യ മേഖലയില്‍ നടത്തുക. കായലിന്റെ സന്തുലിതാവസ്ഥ സംരക്ഷിക്കാന്‍ കടല്‍ വെള്ളം കയറ്റിയിറക്കുന്നതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. തണ്ണീര്‍മുക്കം, തോട്ടപ്പള്ളി ബണ്ടുകള്‍ തുറന്നിട്ട് കടല്‍ വെള്ളം കയറ്റി ഇറക്കി കുട്ടനാട്ടിലെ മാലിന്യം ഉള്‍പ്പടെ ഒഴിവാക്കാം. ബണ്ട് തുറന്നിരിക്കുന്ന സമയം കടല്‍ മീനുകള്‍ മുട്ട ഇടാനായി അകത്തേക്ക് വരും. ചെറു മത്സ്യങ്ങളെ പിടിക്കുന്ന അശാസ്ത്രീയമായ മത്സ്യബന്ധന രീതി അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. 2019-21 വര്‍ഷങ്ങള്‍ ഉള്‍നാടന്‍ ജലാശയ മേഖലയുടെ പുനരുദ്ധാരണത്തിന്റെ വര്‍ഷമാണെന്നും ഒട്ടേറെ പദ്ധതികളാണ് ഈ മേഖലയില്‍ നടപ്പാക്കാന്‍ പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഐആം ഫോര്‍ ആലപ്പി പദ്ധതി വഴി ലഭിക്കുന്ന വള്ളങ്ങള്‍ ദുരുപയോഗം ചെയ്യുന്ന അവസ്ഥ ഉണ്ടാവരുതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. മത്സ്യതൊഴിലാളികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്താന്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു. 

മത്സ്യഫെഡ് ചെയര്‍മാന്‍ പി. പി. ചിത്തരജ്ഞന്‍ അധ്യക്ഷത വഹിച്ചു. സ്‌പൈസ് ജെറ്റ്, പ്ലാന്‍ ഇന്‍ഡ്യ, സി.വൈ.ഡി.എ. എന്നിവയുടെ സഹകരണത്തോടെ 258 വള്ളങ്ങളാണ് വിതരണം ചെയ്തത്. 679 മത്സ്യബന്ധന വള്ളങ്ങളാണ് 'ഡോണേറ്റ് എ ബോട്ട്, ഡൊണേറ്റ് എ ലൈവ്‌ലീഹുഡ്' പദ്ധതി പ്രകാരം ഇതുവരെ ഐആം ഫോര്‍ അലപ്പി വിതരണം ചെയ്തത്. നഗരസഭാംഗം സലീം കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഹൈര്‍ കെ., ഐആം ഫോര്‍ ആലപ്പി ലയസണ്‍ ഓഫീസര്‍ ശരീഫ്, ദീപു, സ്‌പൈസ് ജെറ്റ് പ്രതിനിധി അരുണ്‍ നായര്‍, പ്ലാന്‍ ഇന്‍ഡ്യ പ്രതിനിധി സാം, സി.വൈ.ഡി.എ. പ്രതിനിധി സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു