അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി

post

വയനാട് : ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് ലഭിച്ചതോടെ  ആളുകള്‍ കൂട്ടമായി നിരത്തിലിറങ്ങിയത് ആശങ്ക സൃഷ്ടിച്ച സാഹചര്യത്തില്‍ ഇളവുകളില്‍ വീണ്ടും കര്‍ശന നിയന്ത്രണം തുടരാന്‍ ജില്ലാ ഭരണകൂടം. അവശ്യ സേവനങ്ങളായ ഭക്ഷണം, കൃഷി,  എന്നിവയ്ക്ക് പുറമേ നിര്‍മ്മാണ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട കടകളും, അക്ഷയ കേന്ദ്രങ്ങളും മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുളളതെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി കടകള്‍, ബേക്കറി തുടങ്ങിയ അവശ്യ സേവനങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കല്ല്, ഇഷ്ടിക,കമ്പി, സിമന്റ് എന്നിവയും എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കും. കൃഷിയുമായി ബന്ധപ്പെട്ട് വളം, ഉപകരണങ്ങള്‍ എന്നിവയും തുറക്കാം. മുമ്പ് നിശ്ചയിച്ച പ്രകാരം പ്രദേശത്തെ ഒരു ഹോട്ടലിന് പാര്‍സല്‍ കൗണ്ടറുകള്‍ മാത്രമായി തുറന്ന് പ്രവര്‍ത്തിക്കാം.

    നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, പ്ലംബിംങ്, പെയിന്റിംങ് തുടങ്ങിയവയും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ തുറക്കും. ഈ ദിവസങ്ങള്‍ ഏതെന്ന് പിന്നീട് നിശ്ചച്ചയിക്കും. മഴക്കാലത്തിന് മുമ്പായി വീട്, റോഡ് തുടങ്ങിയവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാണ് നിര്‍മ്മാണ മേഖലയിലെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

      ആവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പൊതുജനങ്ങള്‍ പുറത്തിറങ്ങേണ്ടത്. യാത്രക്കാര്‍ സത്യവാങ്മൂലം നിര്‍ബന്ധമായും കയ്യില്‍ കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.