ജില്ലയില്‍ 29 കമ്യൂണിറ്റി കിച്ചനുകളില്‍ നിന്നായി ഇതുവരെ 97791 പാക്കറ്റ് ഭക്ഷണവിതരണം

post

വയനാട് : ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഈ കമ്യൂണിറ്റി കിച്ചണുകള്‍ വളരെ പ്രധാനപ്പെട്ട സേവനം ആണ് നല്‍കുന്നത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്.ആകെ 29 കമ്യൂണിറ്റി കിച്ചനുകളില്‍ നിന്നായി ഇതുവരെ 97791 പാക്കറ്റ് ഭക്ഷണം നല്‍കിയിട്ടുണ്ട്. ഇതില്‍ 94987 പാക്കറ്റ് ഭക്ഷണവും അര്‍ഹരായവര്‍ക്ക് സൗജന്യമായിട്ടാണ് നല്‍കിയത്.

ബാക്കിയുള്ളവ കുറഞ്ഞ നിരക്കിലും വിതരണം ചെയ്തു. മികവുറ്റ പ്രവര്‍ത്തനമാണ് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കുടുംബശ്രീ യൂനിറ്റുകളും നടത്തിയിട്ടുള്ളത്. അതോടൊപ്പം തന്നെ വിവിധ പ്രദേശങ്ങളില്‍ പൊതുജനങ്ങളും സന്നദ്ധ സംഘടനകളും റെസിഡന്‍സ് അസോസിയേഷനുകളും മറ്റും ഈ കൂട്ടായ പ്രവര്‍ത്തനം ഭംഗിയായി മുന്നോട്ട് നീക്കാന്‍ സഹായങ്ങള്‍ നല്‍കി എന്നതും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പറഞ്ഞു.