വിപണി ഇടപെടല്‍: കൃഷി വകുപ്പ് നേന്ത്രവാഴക്കുല സംഭരണം തുടങ്ങി

post

വയനാട് : പ്രതിസന്ധിയിലായ നേന്ത്രവാഴ കര്‍ഷകരെ സഹായിക്കുന്നതിന് കൃഷി വകുപ്പ് കര്‍ഷകരില്‍ നിന്ന് നേരിട്ട് നേന്ത്രവാഴക്കുല സംഭരണം തുടങ്ങി. ആദ്യ ദിനം തവിഞ്ഞാല്‍ പഞ്ചായത്തിലെ പേര്യയില്‍ കൃഷി ഭവന്‍ ഇക്കോ ഷോപ്പ് മുഖേനയായിരുന്നു സംഭരണം .മലഞ്ചരക്ക് വ്യാപാരികള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് തുറക്കാതായതോടെയും പുറം ജില്ലകളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും വാഴക്കുല കൊണ്ടുപോകാന്‍ ആയതോടെയും വിപണിയില്‍ വില ഇടിഞ്ഞിരുന്നു.

ആദ്യ ഘട്ടത്തില്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേന 19 രൂപ നിരക്കില്‍ നേന്ത്ര വാഴ കുല ശേഖരിച്ചു. തുടര്‍ന്നും വിപണിയില്‍ വില ഉയരാതെ ആയതോടെയാണ് കൃഷിവകുപ്പ് നേരിട്ട് മൊത്തക്കച്ചവടക്കാരുമായി ധാരണയായി കര്‍ഷകരില്‍ നിന്ന് വാഴക്കുല സംഭരിച്ചത്.പേര്യ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ പേര്യ ഇക്കോ ഷോപ്പില്‍ ആദ്യ ഘട്ടം കിലോക്ക് 26 രൂപ പ്രകാരം 30 ടണ്‍ വാഴക്കുല സംഭരിച്ചു.

ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു. തവിഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രന്‍, വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ശാന്തി, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അജയ് അലക്‌സ് , തവിഞ്ഞാല്‍ കൃഷി ഓഫീസര്‍ കെ.ജി. സുനില്‍, പേര്യ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പ്രേംജിത്ത് ,നബാര്‍ഡ് സപ്പോര്‍ട്ടഡ് എഫ് പി. ഒ ഫെഡറേഷന്‍ കോര്‍ഡിനേറ്റര്‍ സി.വി. ഷിബു തുടങ്ങിയവര്‍ സംബന്ധിച്ചു. കഴിഞ്ഞ ദിവസം വരെ 20 വരെ മാത്രമായിരുന്നു നേന്ത്രക്കായ വില.വിപണി വില ഉയര്‍ത്തുന്നതിന് വേണ്ടി മറ്റ് പഞ്ചായത്തുകളിലും നേന്ത്രക്കായ സംഭരണം തുടരും. കൃഷി വകുപ്പ് ജില്ലാ തല ഉദ്യോഗസ്ഥരും കൃഷി ഓഫീസര്‍മാരും കര്‍ഷകര്‍ക്കരികിലെത്തിയാണ് സംഭരണത്തിന് നേതൃത്വം നല്‍കുന്നത്.