തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

post

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. പൈനാവ് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കരിങ്കുന്നം ഡിവിഷനില്‍ നിന്നുള്ള മുതിര്‍ന്ന അംഗം ഷീലാ സ്റ്റീഫന് വരാണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഷീല സ്റ്റീഫന്‍ മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സജീവ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, വകുപ്പ് മേധാവികള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഭരണസമിതി ആദ്യയോഗം ചേര്‍ന്നു. ഷീല സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും.

ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകള്‍, 8 ബ്ലോക്ക് പഞ്ചായത്തുകള്‍, കട്ടപ്പന, തൊടുപുഴ നഗരസഭകള്‍ എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 2.30നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും.