ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതി: കേന്ദ്ര ഓഫീസർ അഴുത ബ്ലോക്ക് സന്ദർശിച്ചു

post

നീതി ആയോഗ് നടപ്പിലാക്കുന്ന ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സെൻട്രൽ പ്രഭാരി ഓഫീസർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അഴുത ബ്ലോക്കിൽ സന്ദർശനം നടത്തി. കുമളി ഫാമിലി ഹെൽത്ത് സെന്റർ, പളിയക്കുടി അങ്കണവാടി, കുമളി ട്രൈബൽ യു.പി സ്‌കൂൾ എന്നിവിടങ്ങളിലെത്തി പ്രഭാരി ഓഫീസർ പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തി. അഴുത, ദേവികുളം ബ്ലോക്കുകളാണ് ജില്ലയിൽ നിന്നും ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ജില്ലാ ഭരണകൂടവും, ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളും വിവിധ വകുപ്പുകളും പദ്ധതിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. സുസ്ഥിര വികസനത്തിനായുള്ള പദ്ധതികൾ ജില്ലയുടെ ചുമതലയുള്ള ഓഫീസറായ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് നേരിട്ട് വിലയിരുത്തി. ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗും ഒപ്പമുണ്ടായിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഫിനാൻഷ്യൽ സർവീസസ് വകുപ്പിന്റെ ഡയറക്ടറാണ് മുതിർന്ന ഐ. എ. എസ് ഉദ്യോഗസ്ഥയായ ഭണ്ഡാരി സ്വാഗത് സിംഗ് രൺവീർചന്ദ്.

2023 ജനുവരിയിൽ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം. ആരോഗ്യവും പോഷകവും, വിദ്യാഭ്യാസം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, അടിസ്ഥാന സൗകര്യം, സാമൂഹിക വികസനം എന്നീ അഞ്ചു വിശാല മേഖലകളിലെ 39 സൂചകങ്ങളിലെ വളർച്ച ആണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമാക്കുന്നത്.