തദ്ദേശീയ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കുടുംബശ്രീ സംരംഭക സംഗമം
കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പട്ടിക വര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച തദ്ദേശീയ സംരംഭക സംഗമം ജില്ലാകളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ജില്ലാ ഭരണകൂടം നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു.ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ അനില്‍കുമാര്‍. ജി മുഖ്യ പ്രഭാഷണം നടത്തി. പട്ടികവര്‍ഗ മേഖലയിലെ സംരംഭകത്വത്തിന് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.
''തദ്ദേശീയ മേഖലയിലെ സംരംഭവും കുടുംബശ്രീ സാധ്യതകളും'' എന്ന വിഷയത്തില്‍ കുടുംബശ്രീ ഡി.പി.എം. എസ്.വി.ഇ.പി സേതുലക്ഷ്മി കെ.എസ് ക്ലാസ് നയിച്ചു. ഗോത്രവിഭാഗക്കാര്‍ക്ക് സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും കുടുംബശ്രീ വഴി ലഭ്യമാകുന്ന സാമ്പത്തിക സഹായങ്ങള്‍, പരിശീലനങ്ങള്‍, വിപണന അവസരങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ് നടന്നു.ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ഷിബു.ജി, ശിവന്‍ സി, കുടുംബശ്രീ എസ്.ഐ.എസ്.ഡി. ഡി.പി.എം സൂര്യ സി.എസ് എന്നിവര്‍ സംസാരിച്ചു.










