അട്ടപ്പാടിയില്‍ ലോക്ക് ഡൗണ്‍ ഫലപ്രദം

post

പാലക്കാട് : കോവിഡ് -19 ലോകമാകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ അട്ടപ്പാടിയിലെ 20000 ലധികം കുടുംബങ്ങളിലായി 64,000 പേര്‍ താമസിക്കുന്ന പ്രദേശത്ത് അനാസ്ഥ ഉണ്ടായിരുന്നെങ്കില്‍ സ്ഥിതി അതീവ ഗുരുതരമായേനെയെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനങ്ങളോട് ജനങ്ങള്‍ പരിപൂര്‍ണമായി യോജിച്ച് പ്രവര്‍ത്തിച്ചതാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കാരണമായത്. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ലോക്ക് ഡൗണിന് ശേഷവും തുടരണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണില്‍ ഇളവ് കൊണ്ടുവന്നാല്‍ ജനങ്ങളെ നിയന്ത്രിക്കാനാവില്ല. പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടല്‍ ഉണ്ടാകും. സാഹചര്യം നിയന്ത്രിക്കാന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, ഐ.പി.സി, സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് എന്നിവ ഫലപ്രദമായി ഉപയോഗിക്കേണ്ടിവരും. കോവിഡ് -19 നിയന്ത്രണത്തില്‍ ഇപ്പോള്‍ കൈവരിച്ച നേട്ടത്തില്‍ നിന്നും പിറകോട്ട് പോകാന്‍ അനുവദിക്കില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

കമ്മ്യൂണിറ്റി കിച്ചന്‍ തുടക്കമിട്ടത് അട്ടപ്പാടിയില്‍

സംസ്ഥാനത്തിനു തന്നെ മാതൃകയായി അട്ടപ്പാടിയിലാണ് ആദ്യമായി കമ്മ്യൂണിറ്റി കിച്ചന്‍ (സമൂഹ അടുക്കള) തുടക്കമിട്ടത്. ഭൂരിപക്ഷം ഊരുകളിലും കമ്മ്യൂണിറ്റി കിച്ചന്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ നടത്തിപ്പിനെ സംബന്ധിച്ച് ആശങ്കകള്‍ ഒന്നും നിലനിന്നിരുന്നില്ലെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. 12807 പട്ടികവര്‍ഗ കുടുബാംഗങ്ങള്‍ക്ക് 183 കമ്മ്യൂണിറ്റി കിച്ചനുകളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ട്.

ഇതിന് പുറമെ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അട്ടപ്പാടി മേഖലയിലെ മൂന്ന് പഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്ന നാല് കമ്മ്യൂണിറ്റി കിച്ചനുകളില്‍ നിന്നായി 267 പേര്‍ക്ക് ഭക്ഷണം നല്‍കുന്നു. അനാഥര്‍, ഭിന്നശേഷിക്കാര്‍, അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ഇതിന്റെ പ്രയോജനം പ്രധാനമായും ലഭിക്കുന്നത്.

അതിഥി തൊഴിലാളികള്‍ക്കും പഞ്ചായത്ത് അധികൃതര്‍ കമ്മ്യൂണിറ്റി കിച്ചന്‍ മുഖേന ഭക്ഷണമെത്തിക്കുന്നു. 38 അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണം കോണ്‍ട്രാക്ടര്‍ നേരിട്ടെത്തിക്കുന്നു. ഇതിനു പുറമെ ലേബര്‍ വകുപ്പ് ഭക്ഷ്യധാന്യ കിറ്റുകളും നല്‍കുന്നുണ്ട്. 240 പേര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്ത് കഴിഞ്ഞു.  ഇതിന്റെ രണ്ടാം ഘട്ടം നടന്നുവരികയാണ്.