തദ്ദേശ തിരഞ്ഞെടുപ്പ്; അനധികൃത ബോർഡുകളെല്ലാം നീക്കം ചെയ്യണം
തദ്ദേശതിരഞ്ഞെടുപ്പ് പെരുമാറ്റചട്ടപ്രകാരവും ഹൈക്കോടതി നിർദേശമനുസരിച്ചും ജില്ലയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ഹോർഡിംഗുകളും നീക്കം ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ. ദേവിദാസ്. ചേമ്പറിൽ ചേർന്ന ജില്ലാതല തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട നിരീക്ഷണയോഗത്തിൽ അധ്യക്ഷതവഹിക്കവെ ബോർഡുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച ലഭിച്ച 14 പരാതികളിൽ അടിയന്തര നടപടിക്ക് നിർദേശിച്ചു. ചട്ടവിരുദ്ധമായ സ്ഥാപിച്ചവ നീക്കം ചെയ്യാൻ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. നിർവഹണം സംബന്ധിച്ച തുടർപ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് സെക്രട്ടറിമാരാണ് റിപോർട്ട് നൽകേണ്ടത്. നടപടി പൂർത്തിയാക്കി പരാതിക്കാർക്ക് മറുപടി നൽകണമെന്നും നിർദേശിച്ചു.
സമിതി കൺവീനറായ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ എസ്. സുബോധ്, അംഗങ്ങളായ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബി. ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി. പ്രതീപ് കുമാർ, റൂറൽ ഡി.വൈ.എസ്.പി രവി സന്തോഷ്, ഫിനാൻസ് ഓഫീസർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
മാതൃകാ പെരുമാറ്റചട്ടം കൃത്യതയോടെ പാലിക്കണം
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് മാതൃകാപെരുമാറ്റചട്ടം പാലിക്കുന്നുവെന്ന് എല്ലാവരും ഉറപ്പാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എൻ. ദേവിദാസ് പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പിന്റെസമയക്രമം പ്രഖ്യാപിച്ച തീയതിമുതൽ നിലവിൽവന്ന മാതൃക പെരുമാറ്റചട്ടം തിരഞ്ഞെടുപ്പ്പ്രക്രിയ പൂർത്തിയാകുന്നത്‌വരെ നിലനിൽക്കും. എല്ലാ സ്ഥാപനങ്ങളിലും മാതൃകാപെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
പരസ്പരവിദ്വേഷത്തിനിടയാക്കുന്ന പ്രവർത്തനങ്ങളിൽ രാഷ്ട്രീയകക്ഷികളോ സ്ഥാനാർത്ഥികളോ ഏർപ്പെടരുത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഒഴിവാക്കണം. ജാതി-മതാടിസ്ഥാനത്തിൽ വോട്ട് തേടരുത്. ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവ പ്രചരണത്തിന് വേദിയാക്കരുത്. വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനുവാദമില്ലാതെ പ്രചാരണവസ്തുക്കൾ സ്ഥാപിക്കരുത്. സർക്കാർ സ്ഥാപനങ്ങളിലും പരിസരത്തും പോസ്റ്റർ, ബാനർ, കട്ട്ഔട്ട് എന്നിവ സ്ഥാപിക്കരുത്. പൊതുയോഗങ്ങൾ പോലീസിനെ മുൻകൂട്ടി അറിയിക്കണം. പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകൾ പരിശീലനകേന്ദ്രങ്ങളിലും വരണാധികാരികളുടെ കാര്യാലയങ്ങളിലും സമർപ്പിക്കാം.
ഹരിത പെരുമാറ്റചട്ടവും നിർബന്ധം
തദ്ദേശതിരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക. തദ്ദേശസ്വയംഭരണവകുപ്പ്, കുടുംബശ്രീ, ഹരിതകർമ്മസേന, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. പരിസ്ഥിതിസൗഹൃദമായ സാമഗ്രികളാണ് പ്രചരണത്തിനായി ഉപയോഗിക്കേണ്ടത്. പ്ലാസറ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കണം. കോട്ടൺതുണി, പേപ്പർ, പോളിഎത്തിലീൻ തുടങ്ങിയവ ഉപയോഗിക്കാം. തിരഞ്ഞെടുപ്പിന് ശേഷം എല്ലാ രാഷ്ട്രീയകക്ഷികളും തിരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കംചെയ്ത് ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറണം എന്നും ജില്ലാ കലക്ടർ നിർദേശിച്ചു.
പോളിംഗ് ഡ്യൂട്ടി: പരിശീലനം നവംബർ 25 മുതൽ, ഡ്യൂട്ടി ഉള്ളവർ പങ്കെടുക്കണം
തദ്ദേശ തിരഞ്ഞെടുപ്പിലെ പോളിംഗ് ഡ്യൂട്ടിയള്ളവർക്ക് പരിശീലനം നവംബർ 25 മുതൽ ആരംഭിക്കും. ഒന്നാംഘട്ട ക്രമീകരണത്തിൽ ഉത്തരവ് ലഭിച്ചിട്ടുള്ള എല്ലാജീവനക്കാരും അതത് കേന്ദ്രങ്ങളിൽ പരിശീലന ക്ലാസ്സിൽ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ. ദേവിദാസ് അറിയിച്ചു. ഡ്യൂട്ടി ഒഴിവാക്കുന്നതിനായി അപേക്ഷ നൽകിയിട്ടുള്ളവരും 28- വരെ രാവിലെയും ഉച്ചയ്ക്കുമായി 2 സെഷനുകളായി നടത്തുന്ന പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കണം. അടിയന്തരസാഹചര്യത്താൽ പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാതെവരുന്നവർ ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ പിന്നീടുള്ള ക്ലാസ്സിൽ ഹാജരാകണം. ഓരോ ദിവസവും പരിശീലനത്തിൽ പങ്കെടുക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ അതത് ദിവസം ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പൽ / കോർപ്പറേഷൻ റിട്ടേണിങ് ഓഫീസർമാർ ഇ-ഡ്രോപ് സൈറ്റിൽ ഉൾപ്പെടുത്തണം. ക്ലാസ്സിൽ പങ്കെടുക്കാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.










