ഇടുക്കി ജില്ലയിൽ ഇതുവരെ സമർപ്പിച്ചത് 3018 നാമനിർദേശ പത്രികകൾ
ജില്ലാ പഞ്ചായത്തിലേക്ക് 64 പത്രികകൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി നാളെ (നവംബർ 21, വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കും. ഇടുക്കി ജില്ലയിൽ വ്യാഴാഴ്ച (20) വരെ 3018 പത്രികകൾ ലഭിച്ചു. 2098 സ്ഥാനാർത്ഥികളാണ് ഇതു വരെ നാമനിർദേശ പത്രികകൾ സമർപ്പിച്ചത്. ഇതിൽ 983 പേർ പുരുഷന്മാരും 1115 വനിതകളുമാണ്.
ഇടുക്കി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഇതുവരെ സമർപ്പിച്ചത് 64 നാമനിർദേശ പത്രികകളാണ്. വ്യാഴാഴ്ച 26 സ്ഥാനാർഥികൾ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന് മുൻപാകെ പത്രിക സമർപ്പിച്ചു.
നവംബർ 22ന് നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മപരിശോധന നടത്തും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും.
സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 (തിങ്കൾ) ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.










