എസ്.ഐ.ആർ: എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് എത്രയും വേഗം സമർപ്പിക്കണം

post

സംശയങ്ങളുണ്ടെങ്കിൽ ഹെൽപ് ഡസ്കിൽ വിളിക്കാം: 04862 233002

പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലുമായി (SIR-Special Intensive Revision) ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള എന്യൂമറേഷൻ ഫോം കൃത്യമായി പൂരിപ്പിച്ച് നിശ്ചിത സമയത്തിനുള്ളിൽ ബൂത്ത് ലെവൽ ഓഫീസറെ (BLO) ഏൽപ്പിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്. കളക്ടറേറ്റിൽ ഇതു സംബന്ധിച്ച യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ. ഇലക്ഷൻ കമ്മിഷൻ നൽകിയിട്ടുള്ള സമയപരിധിക്കുള്ളിൽ ഫോം പൂരിപ്പിച്ച് തിരികെ നൽകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. നമ്മുടെ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരാനുള്ള അവസരം കൂടിയാണിത്.

എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിനായി എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ബൂത്ത് ലെവൽ ഓഫീസർമാരുമായി ബന്ധപ്പെടണം. അല്ലെങ്കിൽ 04862 233002 എന്ന നമ്പരിൽ വിളിച്ചു കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിൻ്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇലക്ഷൻ കമ്മിഷൻ്റെ വെബ്സൈറ്റ് വഴി ഓൺലൈൻ ആയും എന്യുമറേഷൻ ഫോം പൂരിപ്പിക്കാവുന്നതാണെന്ന് കളക്ടർ അറിയിച്ചു.

ഫോമുകൾ പൂരിപ്പിച്ച് ബി.എൽ. ഒയെ തിരികെ ഏൽപ്പിക്കുന്നതിന് ഓരോ പോളിങ് ബൂത്തുകളിലും കളക്ഷൻ സെൻ്ററുകൾ ക്രമീകരിക്കും. എന്യൂമറേഷൻ ഫോമിൻ്റെ ഏറ്റവും മുകളിൽ നൽകിയിട്ടുള്ള ബി.എൽ. ഒയുടെ നമ്പരിൽ വിളിച്ച് നിങ്ങളുടെ ബൂത്തിൽ കളക്ഷൻ സെൻ്ററുകൾ എവിടെയാണെന്നും സമയവും അറിഞ്ഞതിന് ശേഷം കളക്ഷൻ സെൻ്ററിൽ എത്തി ഫോമുകൾ തിരികെ ഏൽപ്പിക്കാം.

വോട്ടർ പട്ടിക ശുദ്ധമാക്കുന്ന ഈ പ്രക്രിയയിൽ എല്ലാവരുടെയും പൂർണ്ണ സഹകരണം കളക്ടർ അഭ്യർത്ഥിച്ചു.