ലോക് ഡൗണില്‍ ഇളവുകള്‍ വന്നാലും ജാഗ്രത തുടരണം: മന്ത്രി സുധാകരന്‍

post

ആലപ്പുഴ: ഏപ്രില്‍ 20ന് ശേഷം ജില്ലയില്‍ ലോക് ഡൗണില്‍ ഇളവുകള്‍ വന്നാലും ജാഗ്രത തുടരണമെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ജില്ല കളക്ടറേറ്റില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോവിഡ് 19 അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ചി നിര്‍ദ്ദേശം നല്‍കിയത്. ജില്ല കളക്ടര്‍ എം. അഞ്ജന, ജില്ല പോലീസ് മേധാവി ജെയിംസ് ജോസഫ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡ് 19 വൈറസ് ബാധയുടെ അടിസ്ഥാനത്തില്‍ ജില്ലയെ ഓറഞ്ച് ബി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പടെ അനാവശ്യമായി നിര്‍ത്തിയിടരുതെന്നും വഴിയോര കച്ചവങ്ങള്‍ റോഡില്‍ നിന്നും മാറ്റി വേണം നടത്താനെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാതെ ആളുകള്‍ അനാവശ്യമായി റോഡിലിറങ്ങുന്നത് ദിനംപ്രതി വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇളവ് പ്രഖ്യാപിച്ചാലും ഇവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജില്ല പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. 

ലോക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 5925 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 6413 പേരെ അറസ്റ്റ് ചെയ്തു. 3046 വാഹനങ്ങളും ഇതുവരെ പിടിച്ചെടുത്തു. 852 വാഹനങ്ങള്‍ ഇതുവരെ വിട്ടുകൊടുത്തിട്ടുണ്ട്. ജില്ലയിലെ പ്രധാന മത്സ്യ- പച്ചക്കറി മാര്‍ക്കറ്റുകളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കും. ഏപ്രില്‍ 20ന് ശേഷവും ജനങ്ങള്‍ കൃത്യമായ മുന്‍കരുതലുകളെടുത്ത് മാസ്‌ക് ധരിച്ച് സുരക്ഷിത അകലം പാലിച്ച് വേണം പുറത്തേക്കിറങ്ങാനെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.