ചെറിയനാട് പഞ്ചായത്തിലെ ബഡ്സ് സ്കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്തു
ചെങ്ങന്നൂർ മണ്ഡലത്തിൽ ഉയരുന്നത് സംസ്ഥാനത്തെ ഏറ്റവും മാതൃകാപരമായ ബഡ്സ് സെന്റർ: മന്ത്രി സജി ചെറിയാൻ
ആലപ്പുഴ ചെറിയനാട് പഞ്ചായത്തിലെ ബഡ്സ് സ്കൂൾ കെട്ടിടം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.ചെങ്ങന്നൂർ മണ്ഡലത്തിലെ പാണ്ടനാട് ഓട്ടിസം ബാധിതരായ കുട്ടികൾക്ക് കരുത്തേകാൻ 20 കോടി രൂപ ചെലവിൽ ബഡ്‌സ് സെന്റർ നിർമ്മാണം പുരോഗമിക്കുകയാണെന്നും ഇതു സംസ്ഥാനത്തെ ഏറ്റവും മാതൃകാപരമായ ബഡ്സ് സെന്ററായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
പമ്പയാറിന്റെ തീരത്ത് ഒരു ഏക്കർ സ്ഥലത്താണ് പാണ്ടനാട് ബഡ്‌സ് സെന്റർ നിർമ്മിക്കുന്നത്. രക്ഷിതാക്കൾക്ക് ഉൾപ്പെടെ താമസിക്കാൻ 85 മുറികൾ കെട്ടിടത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ചെറിയനാട് പഞ്ചായത്തിൽ പുതിയ ധാരാളം പദ്ധതികൾ ആരംഭിച്ചതായും പഞ്ചായത്തിലെ എല്ലാ പിഡബ്ല്യുഡി റോഡുകളും അന്താരാഷ്ട്ര നിലവാരത്തിലാക്കിയതായും മന്ത്രി പറഞ്ഞു. 90 ശതമാനം ഗ്രാമീണ റോഡുകളും സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ രണ്ട് സ്കൂളുകളിലും ആധുനിക കെട്ടിടങ്ങൾ പൂർത്തീകരിച്ച് നൽകി. ചെങ്ങന്നൂരിൽ 100 കോടി രൂപ ചെലവിൽ ജില്ലാ ആശുപത്രി കെട്ടിടം നിർമ്മിച്ചുകൊണ്ടിരിക്കുകയാണന്നും ചെറിയനാട് പഞ്ചായത്തിലെ ആറാം വാർഡിലെ സ്മാർട്ട് അങ്കണവാടിക്കായി 25 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി ചടങ്ങിൽ പറഞ്ഞു.
35 ലക്ഷം രൂപ ചെലവിൽ 900 ചതുരശ്ര അടി വിസ്തൃതിയിലാണ് ചെറിയനാട് ബഡ്‌സ് സ്കൂൾ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹൃദ ശുചിമുറികളും മറ്റ് ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ, വൈസ് പ്രസിഡന്റ് ഷാളിനി രാജൻ, മുൻ എംഎൽഎ ആർ രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീകുമാരി മധു, ഒ റ്റി ജയമോഹൻ, സിഡിഎസ് ചെയർപേഴ്സൺ മഞ്ജു പ്രസന്നൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ മോൾജി, കുടുംബശ്രീ ബ്ലോക്ക് കോ ഓഡിനേറ്റർ അഞ്ജു തുടങ്ങിയവർ പങ്കെടുത്തു.










