ആലപ്പുഴയിലെ ആദ്യ ആർട്ട് ഗ്യാലറി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

post

ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ ആര്യാട് ഡിവിഷനിൽ ആരംഭിച്ച ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനം ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.

യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലൂടെ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കിയെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ആലപ്പുഴ ജില്ലയിലെ ആദ്യ ആർട്ട് ഗ്യാലറി ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലവൂർ ഗവ. എച്ച്. എസ്. എസ് അങ്കണത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി അധ്യക്ഷയായി. ആർട്ട് ഗ്യാലറിയുടെ പ്രദർശന ഉദ്ഘാടനം പി പി ചിത്തരജ്ഞൻ എം.എൽ.എ നിർവഹിച്ചു.


ജില്ലാ പഞ്ചായത്തിന്റെ 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവാഴിച്ചാണ് ജില്ലയിലെ ആദ്യ ആർട്ട് ഗ്യാലറി നിർമിച്ചത്.പ്രദർശന ദിവസം ആര്യാട് ഡിവിഷൻ കീഴിലുള്ള 13 വിദ്യാലയങ്ങളിലെ 51 വിദ്യാർത്ഥികളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. 15 ദിവസം കൂടുമ്പോൾ പുതിയ ചിത്രങ്ങൾ പ്രദർശനത്തിന് വെക്കും.എല്ലാ വിദ്യാർത്ഥികളുടെയും ചിത്രകലാ പ്രകടനങ്ങൾക്ക് അവസരം ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൂടാതെ, ആർട്ട് ഗ്യാലറിയിൽ ഒരു ചുമർ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ചിത്രകലാ പ്രദർശനത്തിനായി മാറ്റിവയ്ക്കും. പ്രാദേശിക ചരിത്രം പറയുന്നതിനായി മറ്റൊരു ചുമരും ഇവിടെ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

കേരള ലളിതകലാ അക്കാദമി, ആലപ്പി ആർട്ട് അക്കാദമി എന്നിവയുടെ മേൽനോട്ടത്തിലാണ് ആർട്ട് ഗ്യാലറി പ്രവർത്തിക്കുക.

ചടങ്ങിൽ ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ഡി മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ആർ റിയാസ്, ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ എം. വി പ്രിയ, മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി സംഗീത, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി എ ജുമൈലത്ത്, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ വികസന സമിതി അധ്യക്ഷരായ എം.എസ് സന്തോഷ്‌, കെ ഉദയമ്മ, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി വി പ്രദീപ്‌ കുമാർ, കലവൂർ ജി.എച്ച്. എസ്. എസ് പ്രധാന അധ്യാപിക എൻ മഞ്ജു, ആലപ്പി ആർട്ട് അക്കാദമി ചെയർമാൻ അമീൻ ഖലീൽ, ട്രഷറർ സുമയ്യ ബീവി, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.