ഹരിപ്പാട് ബ്ലോക്കില്‍ വിജയോത്സവം സംഘടിപ്പിച്ചു

post

ആലപ്പുഴ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ അഞ്ച് വർഷം ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പത്താംതരം, പന്ത്രണ്ടാംതരം തുല്യത പഠനത്തിൽ വിജയിച്ച പഠിതാക്കളെയും ബ്രെയിൽ ലിപി സാക്ഷരത പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രെയിൽ സാക്ഷരത കൈവരിച്ച പഠിതാക്കളെയും അനുമോദിക്കുന്നതിന് വിജയോത്സവം സംഘടിപ്പിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന തുല്യത പഠന പദ്ധതിയിൽ ഹരിപ്പാട് ബ്ലോക്ക് എല്ലാ വർഷവും തുകമാറ്റി വെക്കുകയും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സർട്ടിഫിക്കറ്റ് നേടുന്ന പഠിതാക്കൾക്ക് ഉപരിപഠനവും തൊഴിൽ സാധ്യതയും ഉറപ്പാക്കുകയും ചെയ്യുന്നു. 8,70,000 രൂപയാണ് കഴിഞ്ഞ അഞ്ചുവർഷം വകയിരുത്തിയത്.

ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി ഓമന, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രസാദ് കുമാർ, ജോർജ് വർഗീസ്, സാക്ഷരതാ മിഷൻ പഠിതാക്കൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.