കായിക സ്വപ്ന സാക്ഷാത്കാരം; തരിയോട് ഫുട്ബോൾ അക്കാദമി ആരംഭിച്ചു
പുതുതലമുറയിൽ സമഗ്ര കായിക വികസനവും കായിക സംസ്കാരവും വളർത്താൻ ലക്ഷ്യമിട്ട് വയനാട് തരിയോട് ഗ്രാമപഞ്ചായത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിച്ചു. സന്തോഷ് ട്രോഫി താരം റാഷിദ് മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കായിക സ്വപനം സാക്ഷാത്കരിക്കുന്നത്.

സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക, ലഹരി ഉപയോഗവും മൊബൈൽ ഫോണിന് അടിമപ്പെടുന്നതും തടയുക, കായിക ക്ഷമതയുള്ള പുതുതലമുറയെ വാർത്തെടുക്കുക, പുതിയ കായിക സംസ്കാരം വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗ്രാമപഞ്ചായത്ത് അക്കാദമി രൂപീകരിച്ചത്. എസ്.ടി, ജനറൽ വിഭാഗങ്ങളിൽ നിന്ന് 150ഓളം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകി. ആധുനിക രീതിയിലുള്ള പരിശീലന ഉപകരണങ്ങൾ, മികച്ച നിലവാരമുള്ള സ്പോർട്സ് കിറ്റ്, എ.ഐ.എഫ്.എഫ് അംഗീകാരമുള്ള പരിശീലകരുടെ സേവനം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് അക്കാദമിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
അവധി ദിവസങ്ങളിൽ തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ പരിശീലനം നടക്കും. ഉദ്ഘാടന പരിപാടിയിൽ
തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായി. കേരള ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പി.കെ ഷാജി, സ്കൂൾ പ്രധാനാധ്യാപിക ജയരത്നം, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.ജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ, പി.ടി.എ പ്രസിഡന്റ് ബെന്നി മാത്യു, പരിശീലകരായ മുഹമ്മദ് ഫായിസ്, മുഹമ്മദ് റാഫി, സുമേഷ് കേളു എന്നിവർ പങ്കെടുത്തു.










