സമ്പൂർണ്ണ ഡിജിറ്റൽ ഗ്രാമപഞ്ചായത്തായി തരിയോട്

post

സമഗ്ര ജിഐഎസ് മാപ്പിങ് പദ്ധതി പൂർത്തിയാക്കി സമ്പൂർണ്ണ ഡിജിറ്റൽ ഗ്രാമപഞ്ചായത്തായി വയനാട് തരിയോട്. പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ ചിത്രങ്ങളോട് കൂടി വെബ്പോർട്ടൽ വഴി വിരൽത്തുമ്പിൽ ലഭ്യമാകും. അടിസ്ഥാന വിശകലനങ്ങൾ, ആവശ്യമുള്ള റിപ്പോർട്ടുകൾ എന്നിവ ഇനിമുതൽ എളുപ്പത്തിൽ ലഭ്യമാകും.

തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. വിവരസാങ്കേതിക വിദ്യയുടെ വളർച്ച പ്രാദേശിക ഭരണ സംവിധാനത്തിന്റെ ഗുണത്തിനായി പ്രയോജനപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഡ്രോൺ സർവ്വേ, ഡി ജി പി എസ് സർവ്വേ, ജിപിഎസ് സർവേ, മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടു കൂടി കെട്ടിട സർവ്വെ തുടങ്ങിയ വിവിധ സർവ്വേകളിലൂടെ തരിയോട് പഞ്ചായത്തിലെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു വിവിധ പദ്ധതികൾക്ക് ഉപയോഗപ്രദമായ രീതിയിൽ വെബ്പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഭൗമശാസ്ത്രപരമായ വിശകലനവും വിവിധ കാലങ്ങളിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ സംബന്ധിച്ചുള്ള വിശകലനവും പോർട്ടലിൽ ലഭിക്കും.

ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, സിബിൽ എഡ്വേഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി രാജേന്ദ്രൻ അസിസ്റ്റന്റ് സെക്രട്ടറി സി.കെ റസാഖ്, യു.എൽ.സി.സി ഐ.ടി ഡെലിവറി മാനേജർ ബബിഷ് എന്നിവർ പങ്കെടുത്തു.