ജില്ലാതല പട്ടയമേള 31ന്; ജില്ലയില്‍ 564 പട്ടയങ്ങള്‍ വിതരണം ചെയ്യും

post

സംസ്ഥാന പട്ടയമേളയോടനുബന്ധിച്ച് ഇടുക്കി ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 31) രാവിലെ 10.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിക്കുന്ന പട്ടയമേളയില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാകും.

ജില്ലയില്‍ 564 പട്ടയങ്ങള്‍ വിതരണം ചെയ്യും. താലൂക്ക് അടിസ്ഥാനത്തില്‍ ദേവികുളം 373 , ഇടുക്കി 61, തൊടുപുഴ 35, പീരുമേട് 95 എന്നിങ്ങനെ പട്ടയം വിതരണം ചെയ്യും.

സംസ്ഥാനത്തെ അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേളയില്‍ ഡീന്‍ കുര്യാക്കോസ് എം. പി, എംഎല്‍എമാരായ എം.എം മണി, പി.ജെ ജോസഫ്, അഡ്വ. എ.രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, സബ് കളക്ടര്‍മാരായ അനൂപ് ഗാര്‍ഗ്, ആര്യ വി.എം, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍, രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.