മുനിയറ മാജിക് മൗണ്ട് ടൂറിസം പദ്ധതി; ശിലാസ്ഥാപനം നിർവഹിച്ചു

post

തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്നത് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ: മന്ത്രി എം. ബി രാജേഷ്

കൊന്നത്തടി ഗ്രാമപഞ്ചായത്തിന്റെ മുനിയറ മാജിക് മൗണ്ട് ടൂറിസം പദ്ധതിയുടെ ശിലാസ്ഥാപനവും വയോജന -ബാലസൗഹൃദ പഞ്ചായത്ത് പ്രഖ്യാപനവും കമ്പിളികണ്ടം ഓപ്പൺ ജിംമ്മിന്റെ ഉദ്ഘാടനവും തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് നിർവ​ഹിച്ചു. തദ്ദേശ സ്ഥാപനങ്ങൾ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വിവിധ മേഖലകളിൽ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

സർക്കാരിന്റെ പിന്തുണയിൽ ബഹുമുഖ വികസന പദ്ധതികളാണ് തദ്ദേശസ്വയംഭരണ വകുപ്പുകൾ നടപ്പിലാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന 'കെ- സ്മാർട്ട്' പദ്ധതി ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായി. സേവനങ്ങൾക്കായി പഞ്ചായത്തുകൾ തോറും കയറി ഇറങ്ങിയിരുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ വഴി നടത്തിവരുന്ന ഡിജി കേരളം, അതിദാരിദ്ര്യ നിർമാർജനം തുടങ്ങി വിവിധ പദ്ധതികളും ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങളും ഇന്ന് കേരളത്തിന് അഭിമാനമാണ്.


സർക്കാർ കൈപിടിച്ചുയർത്തിയ ഹരിതകർമ്മ സേനയെ ആദ്യകാലങ്ങളിൽ വീട്ടിൽ കയറ്റാതെ മാറ്റിനിർത്തിയവർ ഇന്ന് കൂടെ ചേർത്ത് പിടിക്കുന്നു. മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെയും നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നവർക്ക് എതിരെയും സർക്കാർ കർശന നടപടികൾ സ്വീകരിക്കും. അസാധ്യമാണെന്ന് കരുതിയ പല പദ്ധതികളും സർക്കാർ സാധ്യമാക്കി. പഞ്ചായത്തുകളിൽ നൂതനമായ പദ്ധതികൾ നടപ്പിലാക്കുന്നത് തുടരണമെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവർത്തനങ്ങൾ നടത്തിയ കൊന്നത്തടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു.

പണിക്കൻകുടി സെന്റ് മരിയ വിയാനി ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് അധ്യക്ഷത വഹിച്ചു.


50 സെന്റ് സ്ഥലം പത്തുവർഷക്കാലം പാട്ടത്തിനെടുത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് മുനിയറ മാജിക് മൗണ്ട് ടൂറിസം. നാലുകോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓപ്പൺ ജിമ്മിന്റെ പ്രവർത്തനങ്ങൾക്കായി 18 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരിത്തിയിരിക്കുന്നത്. കമ്പിളികണ്ടം, പാറത്തോട്, മുനിയറ എന്നീ മൂന്നിടങ്ങളിലാണ് ഓപ്പൺ ജിം സ്ഥാപിക്കുന്നത്.

കൊന്നത്തടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി. പി മൽക്ക, സാലി കുര്യാച്ചൻ, സുമംഗല വിജയൻ, അച്ചാമ്മ ജോയി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സനില രാജേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി എം. ശ്രീകുമാർ, ആംഗ്ലിക്കൽ ചർച്ച് ആർച്ച് ബിഷപ്പ് റവറന്റ്. ഡോ. ലേവി ജോസഫ് ഐക്കര, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.