മാനന്തവാടി താലൂക്കിൽ സമ്പൂര്‍ണ്ണ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി
ഹരിതകേരള മിഷന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഹരിത ഗ്രന്ഥശാല ക്യാമ്പയിന്റെ ഭാഗമായി വയനാട് മാനന്തവാടി താലൂക്കിലെ മുഴുവന്‍ ഗ്രന്ഥശാലകളും ഹരിത ഗ്രന്ഥശാലകളായി പ്രഖ്യാപിച്ചു. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി. മാനന്തവാടി താലൂക്കിലെ 82 ഗ്രന്ഥശാലകളാണ് ഹരിതഗ്രന്ഥശാല പദവി നേടിയത്. ഗ്രന്ഥശാല പ്രവര്‍ത്തനങ്ങളിലെ ഹരിതചട്ട പാലനം, ജൈവ-അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, ബിന്നുകള്‍ സ്ഥാപിക്കല്‍, പുനരുപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങളുടെ ഉപയോഗം, അജൈവ പാഴ്‌വസ്തുക്കളുടെ ശേഖരണവും ഹരിതകര്‍മസേനക്ക് കൈമാറലും ദ്രവമാലിന്യ സംസ്‌കരണം, ശുചിമുറി, പൊതുശുചിത്വം, പച്ചക്കറി-പൂന്തോട്ടം സ്ഥാപിക്കല്‍, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തിയത്.
ക്യാമ്പയിന്റെ ഭാഗമായി ജില്ലാ- താലൂക്ക്തലത്തില്‍ വിവിധ ഘട്ടങ്ങളിലായി ശില്പശാലകള്‍ സംഘടിപ്പിച്ച് തദ്ദേശ നേതൃസമിതി അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ഹരിത കേരളം മിഷന്‍ തയ്യാറാക്കിയ വിലയിരുത്തല്‍ ഫോറത്തിന്റെ അടിസ്ഥാനത്തില്‍ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, നേതൃസമിതി അംഗങ്ങള്‍ ഗ്രന്ഥശാലകള്‍ സന്ദര്‍ശിച്ച് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയാണ് ഹരിത ഗ്രന്ഥശാല പദവി നല്‍കിയത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി സുരേഷ് ബാബു, താലൂക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.വി സുരേന്ദ്രന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.ടി സുഗതന്‍, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷാജന്‍ ജോസ്, താലൂക്ക് ജോയിന്റ് സെക്രട്ടറി പി.ടി സുഭാഷ്, താലൂക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം സദാനന്ദന്‍, താലൂക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.ടി വസന്തകൃഷ്ണന്‍, പി ഇബ്രാഹിം, വി ശാന്ത എന്നിവര്‍ സംസാരിച്ചു.










