ചിങ്ങോലി പഞ്ചായത്ത് ഹൈടെക് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

post

ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ നിർമിച്ചു നൽകിയത് 205 അങ്കണവാടികൾ: മന്ത്രി എം ബി രാജേഷ്

ആലപ്പുഴ ചിങ്ങോലി ഗ്രാമപഞ്ചായത്തിലെ ഹൈടെക് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഒന്നാം വാർഡിലെ 73-ാം നമ്പർ അങ്കണവാടിക്ക്‌ സമീപം നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.205 അങ്കണവാടികളാണ് ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയതെന്ന് മന്ത്രി പറഞ്ഞു.


കേരളത്തിലെ അങ്കണവാടികളും സ്കൂളുകളും രാജ്യത്തിന് തന്നെ മാതൃകയാണെന്നും പുതുതലമുറയുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്കും ഉല്ലാസത്തിനും സഹായകരമായ രീതിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് അങ്കണവാടികൾ നിർമ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്തിലെ ഒന്നാം വാർഡിൽ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിൽ അത്യാധുനിക രീതിയിലാണ് പുതിയ അങ്കണവാടി കെട്ടിടം നിർമിച്ചത്.


ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ അങ്കണവാടി റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പത്മശ്രീ ശിവദാസൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, മുൻ എംഎൽഎ ടി കെ ദേവകുമാർ, മുതുകുളം ബ്ലോക്ക്‌ പഞ്ചായത്തംഗം യു അനുഷ്യ, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ അശ്വതി തുളസി, ശോഭ പ്രകാശ്, പഞ്ചായത്തംഗങ്ങളായ കെ എൻ നിബു, സരിത ജയപ്രകാശ്, പ്രമീഷ് പ്രഭാകരൻ, എം ബി ഇന്ദുലത, എ അൻസിയ, ജില്ലാ പ്രോഗ്രാം ഓഫീസർ ജെ മായാലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി എസ് ജയശ്രീ, ഐസിഡിഎസ് സൂപ്പർവൈസർ ബി ഷീജ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.