മുതുകുളം ഗ്രാമപഞ്ചായത്തിലെ എംസിഎഫ് സെന്റർ ഉദ്‌ഘാടനം ചെയ്തു
ഹരിതകർമ്മസേന കേരളത്തിന്റെ ശുചിത്വ സൈന്യം: മന്ത്രി എം ബി രാജേഷ്
ആലപ്പുഴ മുതുകുളം ഗ്രാമപഞ്ചായത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കിയ എംസിഎഫ് സെൻ്ററിൻ്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.ഹരിതകർമ്മസേന ഇന്ന് കേരളത്തിന്റെ ശുചിത്വ സൈന്യമായി മാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആകെ രണ്ട് തവണ പ്ലാസ്റ്റിക് കൊണ്ട് പൊതിയാൻ പറ്റുന്നത്ര മാലിന്യമാണ് ഒറ്റ വർഷം കൊണ്ട് ഹരിതകർമസേന ശേഖരിച്ചത്. ഇത് ദേശീയ മാതൃകയാണ്. സർക്കാർ സ്വീകരിച്ച നടപടികൾ കൊണ്ട് സംസ്ഥാനത്ത് മാലിന്യം ശേഖരിക്കുന്നതിന്റെ അളവ് കൂടുകയും ഹരിതകർമസേന അംഗങ്ങളുടെ ശമ്പളത്തിൽ വർധനവുണ്ടാക്കാൻ സാധിക്കുകയും ചെയ്തെന്ന് മന്ത്രി പറഞ്ഞു.

എംസിഎഫ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ജ്യോതിപ്രഭ അധ്യക്ഷത വഹിച്ചു. മുതുകുളം ഗ്രാമപഞ്ചായത്ത് ഈരയിൽ വാർഡിൽ 22.5 സെൻ്റ് സ്ഥലത്ത് 50 ലക്ഷം രൂപ ചെലവിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ജില്ലയിലെ ഏറ്റവും ബൃഹത്തായ എംസിഎഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) സെൻ്ററാണ് നിർമ്മിച്ചത്. ബെയിലിംഗ് മെഷീൻ പ്രവർത്തനോദ്ഘാടനം, കൺവെയർ ബെൽറ്റ് പ്രവർത്തനോദ്ഘാടനം എന്നിവ ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് നിർവഹിച്ചു.

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി ലാൽ മാളവ്യ, പഞ്ചായത്ത് സെക്രട്ടറി എൻ അനിൽകുമാർ, മുതുകുളം ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീത ശ്രീജി, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സുഭാഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സബിത വിനോദ്, യു പ്രകാശ്, മഞ്ജു അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ അനസ്, ശുഭ ഗോപകുമാർ, വി എസ് ശ്രീജ, സുസ്മിത ദിലീപ്, എസ് ഷീജ, കെ ശ്രീലത, എ സുനിത, എൽ എസ് ജി ഡി ഡെപ്യൂട്ടി ഡയറക്ടർ ഡി ഷിൻസ്, ഹരിത കർമസേന കൺസോർഷ്യം സെക്രട്ടറി അശ്വതി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.










