തലശ്ശേരി നഗരസഭയിൽ കുടിവെള്ള പദ്ധതികളുടെ പ്രവൃത്തിക്ക് തുടക്കം
തലശ്ശേരി നഗരസഭയിലെ കോടിയേരി, തിരുവങ്ങാട് മേഖലയിലെ കുടിവെള്ള വിതരണ ശൃംഖല വിപുലീകരണം, ഉപരിതല ജലസംഭരണിയുടെ നിർമാണ പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നിർവഹിച്ചു. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ തലശ്ശേരി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ ജല അതോറിറ്റിയുടെ 2024-25 വർഷത്തെ സ്റ്റേറ്റ് പ്ലാനിൽ ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുട്ടിമാക്കൂൽ ചന്ദ്രോത്ത് കുന്നുംഭാഗം സാംസ്കാരിക നിലയത്തിന് സമീപം 12.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉപരിതല ജലസംഭരണി നിർമിക്കൽ, ജലസംഭരണിയിൽ നിന്നും നങ്ങാറത്ത് പീടികയ്ക്ക് സമീപം വരെ 1.68 കിലോമീറ്റർ ജല വിതരണ പൈപ്പ് സ്ഥാപിക്കൽ എന്നീ പ്രവൃത്തികളാണ് ആരംഭിച്ചത്. ഉപരിതല ജലസംഭരണി നിർമിക്കുന്നതിന് 2.84 കോടി രൂപയും പൈപ്പ് ശൃംഖല സ്ഥാപിക്കുന്നതിന് 2.74 കോടി രൂപയുടെയുടെയും സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്.

കുട്ടിമാക്കൂൽ ചന്ത്രോത്ത് കുന്നുംഭാഗം സാംസ്കാരിക നിലയം പരിസരത്ത് നടന്ന പരിപാടിയിൽ തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ.എം ജമുനാറാണി ടീച്ചർ അധ്യക്ഷയായി. സൂപ്രണ്ടിംഗ് എൻജിനീയർ കെ സുദീപ് പദ്ധതി വിശദീകരണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ എം.വി ജയരാജൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി സോമൻ, കൗൺസിലർ അഡ്വ. കെ.എം ശ്രീശൻ, പി.കെ ഷാനിബ, എക്സിക്യൂട്ടീവ് എഞ്ചിനീയർ വി റിജു, വി.എം സുകുമാരൻ, എം.വി സ്മിത, അഡ്വ. ബിനോയ് തോമസ്, ഇ വിജയകൃഷ്ണൻ, പാറക്കണ്ടി രമേശൻ, കെ വിനയരാജ്, ഖാലിദ് മാസ്റ്റർ, എൻ.കെ വിനീഷ് എന്നിവർ പങ്കെടുത്തു.










