സ്ത്രീപദവി പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു
കണ്ണൂർ ജില്ലാതല സ്ത്രീ പദവി പഠന റിപ്പോര്‍ട്ട് കെ.കെ ശൈലജ ടീച്ചര്‍ എം എല്‍ എ പ്രകാശനം ചെയ്തു. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ശാസ്ത്രീയമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് സ്ത്രീകളുടെ ഉന്നമനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സഹായകമാകുമെന്ന് എം എല്‍ എ പറഞ്ഞു. ജില്ലാപഞ്ചായത്ത് ജില്ലയിലെ കൈത്തറി സംഘങ്ങളുമായി സഹകരിച്ച് പുറത്തിറക്കുന്ന കണ്ണൂര്‍ പുടവയുടെ ലോഞ്ചിംഗും എം എല്‍ എ നിര്‍വഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സ്ത്രീകള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ അവരുടെ സാമൂഹിക- സാമ്പത്തിക- വൈജ്ഞാനിക മേഖലകളില്‍ ഉണ്ടാക്കുന്ന വികസനത്തെക്കുറിച്ച് പഠിക്കാനാണ് ജില്ലാപഞ്ചായത്ത്സ്ത്രീ പദവി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജില്ലാആസൂത്രണ സമിതിയുടെയും കിലയുടെയും സഹകരണത്തോടെ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷയായി. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡീന ഭരതന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അംഗം പി.കെ സുരേഷ് ബാബു പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിര്‍, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എന്‍.വി ശ്രീജിനി, യു.പി ശോഭ, അഡ്വ. ടി സരള, ഉഷ രയരോത്ത്, കണ്ണൂര്‍ കോര്‍പറേഷന്‍ കാണ്‍സിലര്‍ എന്‍ സുകന്യ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, കില ട്രെയിനിംഗ് അസി. ഡയറക്ടര്‍ ഡോ. കെ.പി.എന്‍ അമൃത, ജില്ലാപഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസന്‍ ജോണ്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് ജീവനക്കാര്‍, വിവിധ മഹിളാ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.










