നെടുങ്ങോം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിടം
കണ്ണൂർ നെടുങ്ങോം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ചെറിയ പ്രായത്തില്‍ ശീലിക്കേണ്ടതാണെന്നും അതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും സ്പീക്കര്‍ പറഞ്ഞു.

നാല് കോടി രൂപ ചെലവില്‍ മൂന്നു നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികള്‍, പ്രിന്‍സിപ്പല്‍ റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ ലാബ്, ബയോളജി ലാബ്, ഗേള്‍സ് റൂം, ലൈബ്രറി, എന്‍ എസ് എസ് റൂം, ടോയ്‌ലറ്റ്, ലിഫ്റ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനായിരുന്നു പദ്ധതിയുടെ നിര്‍മാണ ചുമതല.
അഡ്വ. സജീവ് ജോസഫ് എം എല്‍ എ അധ്യക്ഷനായി. ശ്രീകണ്ഠാപുരം നഗരസഭ അധ്യക്ഷ ഡോ. കെ.വി ഫിലോമിന ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷരായ ത്രേസ്യാമ്മ മാത്യു, പി.പി ചന്ദ്രാംഗതന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ വി.സി രവീന്ദ്രന്‍, കെ.ഒ പ്രദീപന്‍, കണ്ണൂര്‍ ആര്‍ ഡി ഡി എ.കെ വിനോദ് കുമാര്‍, ഡിഡിഇ ഡി ഷൈനി, തളിപ്പറമ്പ് ഡിഇഒ എസ് വന്ദന, പ്രിന്‍സിപ്പല്‍ ബോബി മാത്യു, പ്രധാനാധ്യാപിക പി എന്‍ ഗീത, പിടിഎ പ്രസിഡന്റുമാരായ കെ ഭാസ്‌കരന്‍, എം.എം ലിജി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.










