കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം; സ്പീക്കർ ഉദ്ഘാടനം ചെയ്തു

post

കതിരൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യ സംവിധാനം ഇത്രയധികം മുന്നോട്ടുവന്ന കാലം വേറെയില്ലെന്ന് സ്പീക്കർ പറഞ്ഞു. ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാത്ത് ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ ഒരുക്കുന്നതിനാൽ ജനങ്ങൾക്ക് കോർപ്പറേറ്റ് ആശുപത്രികളെ സമീപിക്കേണ്ട ആവശ്യകത ഉണ്ടാകാറില്ലെന്നും സ്പീക്കർ പറഞ്ഞു.

സ്പീക്കർ അഡ്വ. എ.എൻ ഷംസീർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നര കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസറിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്‌സൽ സെർവിക്കൽ കാൻസർ വാക്‌സിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സനിൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സനില പി രാജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ.പി. റംസീന, എ.കെ ഷിജു, സി സജീവൻ, രജീഷ്, എൻ ഹരീന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ. വിനീത ജനാർദനൻ എന്നിവർ പങ്കെടുത്തു.