വികസന നേട്ടങ്ങളുമായി കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വികസന സദസ്

post

വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച കൊല്ലം കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വികസന സദസ് വവ്വാക്കാവ് നവരത്ന ഓഡിറ്റോറിയത്തില്‍ ഡോ.സുജിത് വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാല് ഭൂരഹിതര്‍ക്ക് ഭൂമിയുടെ പ്രമാണം കൈമാറി. പഞ്ചായത്ത്തല വികസനരേഖയുടെ പ്രകാശനവും നിര്‍വഹിച്ചു.

വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കിയത്. ആരോഗ്യരംഗത്തിന്റെ ഉന്നമനത്തിനായി 55 ലക്ഷം രൂപ ചെലവഴിച്ച് സബ് സെന്റര്‍ സ്ഥാപിച്ചു. രണ്ട് കോടി രൂപ ചെലവില്‍ എഫ്എച്ച്‌സിക്ക് പുതിയ കെട്ടിടം നിര്‍മിച്ചു. നാല് സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും 50 ലക്ഷം രൂപ ചെലവഴിച്ച് അംഗന്‍വാടികള്‍ നവീകരിക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്കായി പ്രതിവര്‍ഷം 33 പേര്‍ക്ക് സ്‌കോളര്‍ഷിപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു. ലൈഫ് മിഷന്‍ ഭവന പദ്ധതി മുഖേന 22 കോടി രൂപ വിനിയോഗിച്ച് ഭവന നിര്‍മാണം, നവീകരണം, വസ്തു വാങ്ങി നല്‍കല്‍ എന്നിവ പൂര്‍ത്തിയാക്കി. അതിദാരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട ഒമ്പത് കുടുംബങ്ങള്‍ക്ക് ഭവനവും 15 കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റുകളും വിതരണം ചെയ്തു. വയോജനങ്ങളുടെ ക്ഷേമത്തിനായി പകല്‍വീട് പദ്ധതി ആരംഭിച്ചു. ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിനായി 16 കോടി രൂപ ചെലവഴിച്ചു. പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. കൃഷിക്കായി രണ്ട് കോടി രൂപ, മൃഗസംരക്ഷണത്തിന് നാല് കോടി രൂപ, ക്ഷീര വികസനത്തിന് ഒരു കോടി രൂപ വിനിയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചു. വികസന റിപ്പോര്‍ട്ട് കില റിസോഴ്സ് പേഴ്സണ്‍ ദിലീപ് കുമാര്‍ വിശദീകരിച്ചു. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് കുലശേഖരപുരം പഞ്ചായത്ത് സെക്രട്ടറി ആര്‍.താര അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നിസാം അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. നാസര്‍, സ്ഥിരംസമിതി അംഗങ്ങളായ വസന്ത രമേശ്, പി.കെ.സാവിത്രി, രജിതാ രമേഷ്, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.അനിത, കെ.മുരളീധരന്‍, എസ്.സുജിത്ത്, ശ്രീലേഖ കൃഷ്ണകുമാര്‍, രാജിഗോപന്‍, അഷറഫ് പോളയില്‍, എസ്.നസീമ, സുരജാ ശിശുപാലന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ലതികാദേവിയമ്മ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സന്തോഷ് ഓണവിളയില്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എല്‍.സ്മിത എന്നിവര്‍ പങ്കെടുത്തു