ഞാങ്കടവ് കുടിവെള്ള പദ്ധതി അന്തിമഘട്ടത്തില്‍
കമ്മീഷനിംഗ് 2026 മെയ് മാസത്തില്‍
കൊല്ലം കോര്‍പ്പറേഷനിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരംതേടി അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 600 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ഞാങ്കടവ് സമഗ്ര കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിലേക്ക്. പുരോഗതി വിലയിരുത്തുന്നതിനായി മേയര്‍ ഹണിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം ഞാങ്കടവ്, വസൂരിചിറ എന്നിവിടങ്ങളിലെ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. 4,11,336 കോര്‍പ്പറേഷന്‍ നിവാസികള്‍ക്കും സമീപത്തെ കൊറ്റങ്കര പഞ്ചായത്തിലെ 47,456 പേര്‍ക്കും 24 മണിക്കൂറും ശുദ്ധജലം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. 2026 മെയ് മാസത്തോടെ കമ്മീഷന്‍ ചെയ്യാനാകുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
കല്ലടയാറില്‍ നിന്ന് വെള്ളംഎത്തിക്കുന്ന പുന്തലത്താഴത്തെ വസൂരിചിറയില്‍ ഒരുങ്ങുന്നത് 100 എം.എല്‍.ഡി ശേഷിയുള്ള അത്യാധുനിക ജല ശുദ്ധീകരണ പ്ലാന്റാണ്. നാന്തിരിക്കല്‍ ദേശീയപാതയിലുള്ള പൈപ്പ് ലൈന്‍ ധനകാര്യ മന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെ പി.ഡബ്ല്യൂ.ഡി റോഡിലൂടെ സ്ഥാപിക്കാന്‍ അനുമതിനേടി. കോര്‍പ്പറേഷന് സ്വന്തമായി ഒരു ട്രീറ്റ്‌മെന്റ് പ്ലാന്റ് ലഭിക്കുന്നതിലൂടെ ശാസ്താംകോട്ടയെ മാത്രം ആശ്രയിക്കുന്ന സ്ഥിതിക്കും മാറ്റമുണ്ടാകും.
അമൃത് 1.0 (104.42 കോടി), അമൃത് 2.0 (227.13 കോടി), കിഫ്ബി (235 കോടി) എന്നീ ഫണ്ടുകള്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അത്യാധുനിക എസ്.സി.എ.ഡി.എ സംവിധാനം വഴിയായിരിക്കും പ്രവര്‍ത്തനം 24 മണിക്കൂറും നിരീക്ഷിക്കുക.
ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഗീതാകുമാരി, എം. സജീവ്, യു പവിത്ര, സജീവ് സോമന്‍, സുജാ കൃഷ്ണന്‍, എ.കെ. സവാദ്, എസ്. സവിതാദേവി, കോര്‍പറേഷന്‍ സെക്രട്ടറി എസ് എസ് സജി, അഡീഷണല്‍ സെക്രട്ടറി ബിജിത്ത്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ സജിത, മഞ്ജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രിയ, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരായ സബീര്‍. എ റഹീം, കെ.എല്‍ ഗിരീഷ്, ആനന്ദന്‍, ബി രതീഷ് കുമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










