കൊട്ടാരക്കര മുനിസിപ്പല്‍ സ്‌ക്വയര്‍ നിര്‍മാണം വിലയിരുത്തി മന്ത്രി

post

കൊല്ലം കൊട്ടാരക്കര നഗരസഭ മൈതാനത്തെ മുനിസിപ്പല്‍ സ്‌ക്വയറിന്റെ നിര്‍മാണം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നേരിട്ടെത്തി വിലയിരുത്തി.

സ്‌ക്വയറിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു . പൊതുജനങ്ങള്‍ക്ക് ഒത്തുകൂടാനുള്ള ഇടം, സ്ഥിരമായി പരിപാടികള്‍ നടത്താന്‍ കഴിയുന്ന വേദി, ഇരിപ്പിടങ്ങള്‍, പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പെടെയുള്ള സംവിധാനമാണ് വരാന്‍ പോകുന്നത്. കൊട്ടാരക്കരയുടെ ഹൃദയഭാഗമായ ചന്തമുക്കില്‍ 80 ലക്ഷം രൂപ ചെലവഴിച്ചാകും നിര്‍മാണം.  

മുനിസിപ്പല്‍ സ്‌ക്വയറിനോട് ചേര്‍ന്ന് രണ്ടുകോടി രൂപ ചെലവില്‍ ബജറ്റില്‍ പ്രഖ്യാപിച്ച മുന്‍ മന്ത്രി ബാലകൃഷ്ണപിള്ളയുടെ പ്രതിമ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക നിലയവും ഒരുക്കും. മൈതാനത്തിന്റെ മുഴുവന്‍ സ്ഥലവും പൊതുവില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. നിലവില്‍ രണ്ട് കെട്ടിടത്തിന്റെയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി പ്രവൃത്തികള്‍ തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി  ഓപ്പണ്‍ ജിം, ശുചിമുറി, ടൗണ്‍ സ്‌ക്വയറിന് ചുറ്റുമതില്‍ സൗകര്യങ്ങളും സജ്ജീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊട്ടാരക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. ഉണ്ണികൃഷ്ണമേനോന്‍, മുന്‍ ചെയര്‍പേഴ്സണ്‍ എസ്.ആര്‍ രമേശ്, സ്ഥിരംസമിതി അധ്യക്ഷന്‍ ഫൈസല്‍ ബഷീര്‍, തീരദേശവികസന കോര്‍പറേഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ ബിനയചന്ദ്രന്‍, പി.കെ ജോണ്‍സണ്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു.