അതിദാരിദ്ര്യമുക്ത പഞ്ചായത്തായി വൈത്തിരി

post

വയനാട് വൈത്തിരി ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.വി വിജേഷാണ് പ്രഖ്യാപനം നടത്തിയത്. 14 വാർഡുകളിൽ നിന്ന് കണ്ടെത്തിയ 29 അതിദരിദ്ര കുടുംബങ്ങളിൽ ഭൂമിയും വീടും ഇല്ലാത്ത നാല് കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കി. മൂന്ന് കുടുംബങ്ങൾക്ക് വീട് അനുവദിച്ചു. അതിൽ ഒരു വീടിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഭവനപുനരുദ്ധാരണം ആവശ്യമായ ആറ് കുടുംബങ്ങളിൽ അഞ്ച് പേരുടെ ഭവനപുനരുദ്ധാരണം പൂർത്തിയായി. ഒരു കുടുംബത്തിന് അഡ്വാൻസ് തുക കൈമാറുകയും ഭവനപുനരുദ്ധാരണം പുരോഗമിക്കുകയും ചെയ്യുന്നു. വരുമാനരഹിതരായ ഏഴ് കുടുംബങ്ങൾക്ക് ഉപജീവന മാര്‍ഗമായി കോഴി വളർത്തൽ, ആട് വളർത്തൽ, പെട്ടിക്കട, ടെക്സ്റ്റൈൽസ് എന്നിവയിലൂടെ വരുമാനം കണ്ടെത്തുന്നതിന് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതി മുഖേന ഫണ്ട് നൽകി. ചികിത്സ സഹായം ആവശ്യമുള്ളവരിൽ 16 പേർക്ക് നിലവിൽ പാലിയേറ്റിവ് കെയർ മുഖേനയും പ്രാഥമിക ആരോഗ്യകേന്ദ്രം മുഖേനയും ചികിത്സ സഹായം നൽകി വരുന്നു. വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷയായ പരിപാടിയിൽ കൽപ്പറ്റ ബ്ലോക്ക്‌ അംഗം എൽസി ജോർജ്, ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ.ഒ ദേവസി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി കെ.എസ് സജീഷ് എന്നിവർ പങ്കെടുത്തു.