വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ വി.എസ് അച്യുതാനന്ദൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു

post

വയനാട് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച വി.എസ് അച്യുതാനന്ദൻ സ്മാരക ഹാൾ തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് ഉദ്ഘാടനം ചെയ്തു .കെ സ്മാർട്ട് സേവനങ്ങൾ വിരൽ തുമ്പിൽ ലഭ്യമാക്കി പ്രാദേശിക ഭരണകൂടങ്ങൾ പൊതു ജനങ്ങളുമായി അടുത്തിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു .

സമ്പൂർണ അതിദാരിദ്ര്യ നിർമാർജന സംസ്ഥാനമായി കേരളത്തെ കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കാനിരിക്കെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അഭിദാരിദ്ര്യമുക്തമായതിൽ ഏറെ സന്തോഷമെന്നും മന്ത്രി പറഞ്ഞു. ഹരിത കർമ സേനയിലൂടെ തരം തിരിച്ചുള്ള ശാസ്ത്രീയ മാലിന്യ നിർമാർജനത്തിൽ കേരളം രാജ്യത്തിന് മാതൃകയായി. അധികാര വികേന്ദ്രീകരണത്തിന്റെ തുടർച്ചക്കായി ഡിജിറ്റൽ സാങ്കേതിക വിദ്യകളെ ക്രിയാത്മകമായി ഉപയോഗിച്ചു. നിലവിൽ സംസ്ഥാനത്തെ 95 ശതമാനം വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി പരിഗണിക്കുന്ന ജീവനക്കാരാവണം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രവർത്തിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭാ അംഗങ്ങളായ കുട്ടികൾ തയ്യാറാക്കിയ വികസന പദ്ധതിരേഖ മന്ത്രി പ്രകാശനം ചെയ്തു.

മുൻ എം.എൽ.എ സി.കെ ശശീന്ദ്രന്റെ  പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 85 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഫീസ് നിർമ്മാണവും പഞ്ചായത്ത് ഹാൾ നിർമ്മാണവും പൂർത്തീകരിച്ചത്. കൽപ്പറ്റ സോൺ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കെട്ടിട നിർമ്മാണം നടത്തിയത്. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക അധ്യക്ഷയായ പരിപാടിയിൽ സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ, വൈസ് പ്രസിഡന്റ് പി.എം നാസർ, ജില്ലാ പഞ്ചായത്ത് അംഗം എൻ.സി പ്രസാദ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ രാജൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.കെ തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ. അനിത, എം. പുഷ്പ, പി.കെ ശാരദ, വി.കെ ശിവദാസൻ, ശ്രീജ ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സജീഷ് രാജ്, അസിസ്റ്റന്റ് സെക്രട്ടറി നജീബ്, ടൗൺ പ്ലാനർ കെ.എസ് രഞ്ജിത്ത്,രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.