സംരംഭകര്‍ക്കായി താലൂക്കുതല എം.എസ്.എം.ഇ ക്ലിനിക് സംഘടിപ്പിച്ചു

post

വയനാട് ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ താലൂക്കുതല എം.എസ്.എം.ഇ ക്ലിനിക് സംഘടിപ്പിച്ചു. ഗ്രീന്‍സ് റസിഡന്‍സിയില്‍ നടന്ന പരിപാടി മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘടനം ചെയ്തു. ലോക ബാങ്ക് പിന്തുണയോടെ നടപ്പാക്കുന്ന റൈസിംഗ് ആന്‍ഡ് അക്സലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ്, റാമ്പ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എം.എസ്.എം.ഇകള്‍ ആരംഭിക്കുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കല്‍, ലൈസന്‍സിങ്, ജി.എസ്.ടി, വിപണനം, ധനസഹായം, കയറ്റുമതി, ബാങ്കിങ്, ടെക്‌നോളജി മേഖലകളിലെ വിദഗ്ധരുടെ സേവനം സംരംഭകര്‍ക്ക് ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ചരക്ക് സേവന നികുതി തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ പി.വി ജോര്‍ജ് അധ്യക്ഷനായ പരിപാടിയില്‍ ലീഡ് ബാങ്ക് മാനേജര്‍ ടി.എം മുരളീധരന്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ ടി.കെ റഹിമുദ്ദീന്‍, പനമരം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ സി നൗഷാദ് എന്നിവര്‍ പങ്കെടുത്തു.