ചിതറ പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു
ചിതറ ഗ്രാമപഞ്ചായത്ത് വികസന സദസ് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപ ചെലവഴിച്ച് ചിതറയിലെ പട്ടികജാതി ഉന്നതി നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 10.53 കോടി രൂപ വിനിയോഗിച്ച് പാങ്ങോട്- കിഴക്കുംഭാഗം- മുള്ളിക്കാട്- കൊല്ലായിൽ റോഡ് നിർമാണം പൂർത്തിയാക്കി. 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
ടൗൺഹാളിൽ നടന്ന ചടങ്ങിൽ ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എസ്. മുരളി വികസനരേഖ പ്രകാശനം ചെയ്തു. നെൽകൃഷി, വാഴകൃഷി, ഇടവിള കൃഷികളായിട്ടുള്ള ഇഞ്ചി, മഞ്ഞൾ, കൂവ, മറ്റു കിഴങ്ങ് വർഗങ്ങൾ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ചിതറ പഞ്ചായത്തിൽ എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ലാസ്മുറികൾ ഹൈടെക്കാക്കി. കഴിഞ്ഞ അഞ്ചു വർഷകാലയളവിൽ ചിതറ പഞ്ചായത്തിലെ 23 വാർഡുകളിലെ വിവിധ റോഡുകൾ കോൺക്രീറ്റ്, റീ-ടാറിങ്, പുതിയ പാലങ്ങളുടെ നിർമാണം നടത്തി. പഞ്ചായത്തിൽ ലൈഫ് പദ്ധതിയിലൂടെ 448 വീടുകൾ നിർമിച്ചുനൽകി. ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും വാട്ടർ ടാങ്കും ലഭ്യമാക്കി. എല്ലാ ഊരുകളിലും കുടിവെള്ളം എത്തിച്ചു. ചിതറ ഐരക്കുഴി കുമ്പിക്കാട് കുളത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത് നീന്തൽ പരിശീലനകേന്ദ്രം ആരംഭിക്കുന്നതിനായുള്ള പദ്ധതിരേഖയും സദസിൽ പ്രകാശനം ചെയ്തു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ പ്രാഗൽഭ്യം നേടിയ പ്രദേശവാസികൾ, ഹരിതകർമ സേനാംഗങ്ങൾ, മുൻ ജനപ്രതിനിധികൾ തുടങ്ങിയവരെ ആദരിച്ചു. കില റിസോഴ്‌സ് പേഴ്‌സൺ ആർ. ബാലചന്ദ്രൻ നായർ സർക്കാരിന്റെ വികസന നേട്ടങ്ങളും ചിതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.അമ്പിളി ഗ്രാമപഞ്ചായത്ത് വികസന നേട്ടങ്ങളും അവതരിപ്പിച്ചു. ചിതറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ഷീന, സ്ഥിരംസമിതി അധ്യക്ഷരായ ജെ. നജീബത്ത്, കെ. ഉഷ, വി.സിന്ധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജീവ് കൂരാപ്പള്ളി, പ്രിജിത്ത്, സന്തോഷ് വളവുപച്ച, പി.സിന്ധു, സാരംഗി ജോയ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എസ്. രമണൻ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്.ദീപക് നായർ തുടങ്ങിയവർ പങ്കെടുത്തു.










