മൈലപ്രക്ക് കളിച്ചുയരാൻ സ്വന്തം 'വോളിബോൾ ടർഫ് കോർട്ട്'

post

വോളിബോളിനെ നെഞ്ചിലേറ്റിയ മൈലപ്രയിലെ യുവജനങ്ങൾക്കും കുട്ടികൾക്കും ഇനി പഞ്ചായത്തിന്റെ സ്വന്തം ടർഫ്‌കോർട്ടിൽ കളിക്കാം. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 37 ലക്ഷം രൂപ വിനിയോഗിച്ചാണ് മൈലപ്ര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് മേക്കൊഴൂരിൽ ആധുനിക സൗകര്യത്തോടെ വോളിബോൾ ടർഫും അനുബന്ധ സൗകര്യങ്ങളും നിർമിച്ചത്. വോളിബോളിന് ഏറ്റവും യോജിച്ച മഡ് ടർറഫിന് ചെലവഴിച്ചത് 21 ലക്ഷം രൂപ. 16 ലക്ഷം രൂപ വിനിയോഗിച്ച് ടോയ്ലറ്റ് കോംപ്ലക്‌സ്, ഡ്രസ്സിങ് റൂം, ഗാലറി എന്നിവ നിർമിച്ചു. കുടിവെള്ളത്തിനും വിശ്രമത്തിനും സൗകര്യവും ഒരുക്കി.

ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യമായാണ് വോളിബോൾ ടർഫ് നിർമിക്കുന്നത്.

മൈലപ്രയിൽ നിന്നും ദേശീയ താരങ്ങൾ പിറന്നപ്പോഴും സ്വന്തമായി ഒരു കോർട്ടില്ല എന്നതിന് പരിഹാരവുമായി. വർഷങ്ങൾക്ക് മുമ്പ് മാർക്കറ്റായി പ്രവർത്തിച്ചിരുന്ന പഞ്ചായത്തിന്റെ സ്ഥലത്താണ് പുതിയ ടർഫ്. ടർഫ് കോർട്ടിന്റെ പരിചരണ ചുമതല ഗ്രാമപഞ്ചായത്തിനാണ്.

കുട്ടികളുടെ കായിക സ്വപ്നങ്ങൾക്ക് ചിറക് നൽകുക, യുവജനങ്ങൾക്കും കുട്ടികൾക്കും കളിക്കാനായി സുരക്ഷിതമായ സൗകര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടർഫ് കോർട്ട് ഒരുക്കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് പറഞ്ഞു.