കവിയൂരിൽ വികസന സദസ് സംഘടിപ്പിച്ചു
പത്തനംതിട്ട കവിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവർത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനുമാണ് വികസന സദസ് സംഘടിപ്പിച്ചത്. പഞ്ചായത്തിന്റെ വികസന രേഖ എംഎൽഎ പ്രകാശനം ചെയ്തു.
വികസനത്തിന് രാഷ്ട്രീയമില്ലെന്നും ജനങ്ങളുടെ അവകാശമാണ് വികസനമെന്നും എം.എൽ.എ പറഞ്ഞു. വികസനത്തിനു വേണ്ടി ചെലവാക്കുന്ന തുകയുടെ അവകാശി ജനങ്ങളാണ്. ജനകീയ ആസൂത്രണ പദ്ധതി ഉൾപ്പെടെ ഫലപ്രദമായി നടത്താൻ സാധിച്ചു. കേന്ദ്രഫണ്ടിനൊപ്പം സംസ്ഥാന സർക്കാരിന്റെ തനത് ഫണ്ടും ചേർന്നതോടെ പല സംരംഭങ്ങളും വിജയത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ വികസന നേട്ടം ജനങ്ങളിലേക്ക് എത്തിക്കാനാണ് വികസന സദസ് സംഘടിപ്പിച്ചത്. ലഭ്യമായ എല്ലാ സാധ്യതയും ഉപയോഗിച്ചാണ് വികസനം നടപ്പാക്കുന്നത്. പശ്ചാത്തല സൗകര്യത്തിലടക്കം വലിയ നേട്ടം കൈവരിക്കാൻ സർക്കാരിനായി. നവംബർ ഒന്നിന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും.
എസ്എൻഡിപി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം ടി ദിനേശ് കുമാർ അധ്യക്ഷനായി. സിനിമ സംവിധായകൻ കവിയൂർ ശിവപ്രസാദിനെ ആദരിച്ചു. പഞ്ചായത്തിലെ കലാകാരന്മാർ, സാമൂഹിക പ്രവർത്തകർ, അങ്കണവാടി, ഹരിതകർമ സേന, തൊഴിലുറപ്പ്, ആശാ പ്രവർത്തകർ തുടങ്ങിയവരെയും സദസിൽ ആദരിച്ചു.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച് വീഡിയോ പ്രദർശിപ്പിച്ചു. കവിയൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ അഞ്ചു വർഷം നടത്തിയ വികസന പ്രവർത്തന റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി സാം കെ സലാം അവതരിപ്പിച്ചു. ലൈഫ് മിഷൻ വഴി 131 പേർക്ക് വീട് നൽകി. ജലജീവൻ പദ്ധതിയിലൂടെ പഞ്ചായത്തിൽ സൗജന്യ കുടിവെള്ള കണക്ഷൻ നൽകി.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി എ ഗോപി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ ആർ വിനോദ്, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ ശ്രീകുമാരി രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിൻസി മോൻസി, സി എൻ അച്ചു, വി എസ് സിന്ധു, പ്രവീൺ ഗോപി, സിന്ധു ആർ സി നായർ, അനിത സജി, കെ ആർ രാജശ്രീ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി വി മാത്യു, ആസൂത്രണ സമിതി അംഗങ്ങളായ വർഗീസ് പി ഹാനോക്ക്, കെ ടി രാജേഷ് കുമാർ, അഖിൽ മോഹൻ, കെ ജെ യോഹന്നാൻ, സനൽ കുമാർ, സിഡിഎസ് ചെയർപേഴ്സൺ ശാന്തമ്മ ശശി, ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.










