പ്രമാടം ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു

post

ശബരിമല റോഡ് വികസനത്തിന് മുന്‍തൂക്കം: മന്ത്രി മുഹമ്മദ് റിയാസ്

പത്തനംതിട്ട പ്രമാടം ഗ്രാമപഞ്ചായത്തിലെ ചള്ളംവേലിപ്പടി- പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡ് ഉദ്ഘാടനവും പ്രമാടം പഞ്ചായത്ത് ഓഫീസ് കുരിശുമ്മൂട് കൊട്ടി പിള്ളേത്ത്- ഐരേത്ത് വിള റോഡിന്റെ നിര്‍മാണോദ്ഘാടനവും പൂങ്കാവ് ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു .

ശബരിമല റോഡ് വികസനത്തിന് മുന്‍തൂക്കം നല്‍കുന്നതായി മന്ത്രി പറഞ്ഞു.

ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ബിഎംബിസി നിലവാരത്തില്‍ 3.1 കിലോ മീറ്റര്‍ ഇരപ്പുകുഴി-പ്രമാടം ക്ഷേത്രം റോഡും 1.55 കിലോ മീറ്റര്‍ പാളക്കടവ്-ചള്ളംവേലിപ്പടി റോഡും നവീകരിച്ചത്. പ്രമാടം പഞ്ചായത്ത് ഓഫീസ് മുതല്‍ കൊട്ടിപിള്ളേത്ത് വരെ 3.4 കിലോ മീറ്റര്‍ റോഡാണ് നവീകരിക്കുന്നത്. 11 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ശബരിമല തീര്‍ഥാടകരുടെ സഞ്ചാരം സുഗമമാക്കും. തീര്‍ഥാടനത്തിന് മുമ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വകുപ്പില്‍ പ്രത്യേക കോര്‍ ടീം രൂപീകരിച്ചിട്ടുണ്ട്. പ്രവൃത്തി വിലയിരുത്തുന്നതിന് ചീഫ് എഞ്ചിനീയര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധന നടത്തിയതായും മന്ത്രി പറഞ്ഞു. ആദ്യ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് 879.44 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ നാല് വര്‍ഷത്തിത്തിനിടെ 1107.24 കോടി രൂപ ശബരിമല റോഡുകള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  

റോഡ് പ്രവൃത്തിക്ക് 35,000 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 8200 കിലോ മീറ്ററിലേറെ റോഡ് നവീകരിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡുകളുടെ നിലവാരം ഉയര്‍ത്തി. സംസ്ഥാന പാതകള്‍ നാലുവരിയായും പ്രധാന ജില്ല പാതകള്‍ രണ്ടുവരിയായും ഘട്ടം ഘട്ടമായി വികസിപ്പിക്കുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് എലവേറ്റഡ് ഹൈവേയും ബൈപ്പാസും ആസൂത്രണം ചെയ്യുന്നതായും മന്ത്രി കൂട്ടിചേര്‍ത്തു.

നാടിന്റെ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അധ്യക്ഷനായ കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനീത്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍  ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.