വികസന നേട്ടങ്ങള്‍ നിരത്തി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്

post

ഇടുക്കി പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വികസന സദസ് എംഎല്‍എ അഡ്വ. എ. രാജ ഉദ്ഘാടനം ചെയ്തു.വികസന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്ന പഞ്ചായത്താണ് പള്ളിവാസലെന്നും ഇക്കാര്യത്തില്‍ പള്ളിവാസല്‍ എല്ലാ പഞ്ചായത്തുകള്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

കല്ലാര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്ന വികസന സദസില്‍ പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ജോഷി.എം. മാണി അവതരിപ്പിച്ചു.

മൂന്നാറിന്റെ പ്രവേശന കവാടമെന്ന നിലയില്‍ ടൂറിസം രംഗത്താണ് പള്ളിവാസല്‍ പഞ്ചായത്തിന്റെ വലിയ വികസനപദ്ധതികള്‍ ഏറെയും യാഥാര്‍ത്ഥ്യമായത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ രണ്ടാം മൈല്‍ വ്യൂപോയിന്റില്‍ ടെയ്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോ ഫ്ളോര്‍ ബസ് മാത്യകയില്‍ ടോയിലറ്റ് കോംപ്ലക്സും പിങ്ക് കഫേയും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. സംസ്ഥാനത്ത് തന്നെ ശ്രദ്ധിക്കപ്പെട്ട നിര്‍മ്മിതികളില്‍ ഒന്നായി ഈ പദ്ധതി മാറി. ടെയ്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരടിപ്പാറ, കോട്ടപ്പാറ വ്യൂ പോയിന്റ്, പോതമേട് വ്യൂപോയിന്റ് തുടങ്ങി വിവിധ  വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് പരിധിയിലെ യുവജനങ്ങള്‍ക്കായി കളിക്കളം പദ്ധതിയുടെ ഭാഗമായി അഡ്വ. എ രാജ എംഎല്‍എയും കായികവകുപ്പും ചേര്‍ന്ന് അനുവദിച്ച ഒരു കോടി രൂപയുടെ സ്റ്റേഡിയമാണ് പഞ്ചായത്ത് നിര്‍മ്മിക്കുന്നത്. ചിത്തിരപുരത്ത് 28 ലക്ഷം രൂപ ചെലവഴിച്ച് ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടും പഞ്ചായത്ത് പണി കഴിപ്പിച്ചു. കൂടാതെ കുരിശുപാറയില്‍ പഞ്ചായത്ത് തുക വകയിരുത്തി പ്ലേ ഗ്രൗണ്ടിന്റെ നിര്‍മ്മാണം നടത്തി.

ചിത്തിരപുരത്ത് പഞ്ചായത്ത് നിര്‍മ്മിച്ചിട്ടുള്ള ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നസ് പാര്‍ക്കും രണ്ടാംമൈലില്‍  ഒന്നേകാല്‍ കോടിയോളം രൂപ വകയിരുത്തി പണികഴിപ്പിക്കുന്ന ഷീ ലോഡ്ജും വികസന പ്രവര്‍ത്തനങ്ങളിലെ വേറിട്ട മാതൃകയാണ്. ജനകീയാസൂത്രണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി തോക്കുപാറയില്‍ രജതജൂബിലി സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം നടത്തി. മന്ദിരത്തിന്റെ രണ്ട് നിലകളുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തീകരിച്ചു. മൂന്നാം നിലയുടെ നിര്‍മ്മാണത്തിനായി 24 ലക്ഷം രൂപയും വകയിരുത്തി. ആനച്ചാല്‍ തട്ടാത്തിമുക്കില്‍ പണികഴിപ്പിച്ചിട്ടുള്ള ഹെറിറ്റേജ് സെന്റര്‍ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടും തനത് ഫണ്ടും വിനിയോഗിച്ച് 25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് യാഥാര്‍ത്ഥ്യമാക്കിയത്. ലൈഫ് ഭവന പദ്ധതിയിലൂടെ 250 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി.

സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെയും പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്റെയും വികസന പ്രവര്‍ത്തനങ്ങളുടെയും വീഡിയോ സദസില്‍ പ്രദര്‍ശിപ്പിച്ചു. സദസിന്റെ ഭാഗമായി വികസനങ്ങളുടെ വിലയിരുത്താലും ഭാവി വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി. പഞ്ചായത്ത് അംഗങ്ങളായ എം. ലത, പുഷ്പ സജി, സ്വപ്ന സജി കുമാര്‍, ആര്‍. സി ഷാജന്‍, ഷൈനി സിബിച്ചന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.