വികസന പ്രവര്‍ത്തനങ്ങളും ഭാവിവികസനവും ചര്‍ച്ചയാക്കി രാജകുമാരി വികസന സദസ്

post

ഇടുക്കി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും, ഭാവിവികസനവും ചര്‍ച്ച ചെയ്ത് വികസന സദസ്.  എം.എം മണി എംഎല്‍എ സദസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷം പഞ്ചായത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത വികസന സദസ് ഭാവി വികസനവും ചര്‍ച്ചയാക്കി. രാജകുമാരി ഗ്രാമപഞ്ചായത്ത് വികസന പ്രോഗസ് റിപ്പോര്‍ട്ട് എം.എം മണി എംഎല്‍എ  നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.ടി കുഞ്ഞിന് നല്‍കി ചടങ്ങില്‍ പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കാനും, പുതിയ പദ്ധതികളെ പറ്റി ചര്‍ച്ച ചെയ്യാനും പൊതുജനാഭിപ്രായം രൂപീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന വ്യാപകമായി  വികസന സദസ് സംഘടിപ്പിക്കുന്നത്.

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി പ്രകാരം രാജകുമാരി  ഗ്രാമപഞ്ചായത്തില്‍ 11 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി. ഇവര്‍ക്ക് മാത്രമായി പ്രത്യേകം സൂക്ഷ്മ പദ്ധതികള്‍ നടപ്പാക്കി. അടിസ്ഥാന അവകാശ രേഖയായ ആധാര്‍, റേഷന്‍കാര്‍ഡുകള്‍ ഇവര്‍ക്ക് ലഭ്യമാക്കി. പദ്ധതിയുടെ ഭാഗമായി സൗജന്യ ഭക്ഷകിറ്റ്, ചികിത്സാ സഹായം, ക്ഷേമ പെന്‍ഷന്‍, വീട് നിര്‍മിച്ച് നല്‍കുന്നത് ഉള്‍പ്പെടെ ഇവരുടെ സമ്പൂര്‍ണ ക്ഷേമം പഞ്ചായത്ത് ഉറപ്പുവരുത്തി. ഗ്രാമപഞ്ചായത്തില്‍  ലൈഫ് ഭവന പദ്ധതിയില്‍ 259 വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചു. ഇതില്‍ 171 വീടുകള്‍ പൂര്‍ത്തിയാക്കി. 88 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഡിജി കേരളം പദ്ധതിയിലൂടെ 1221 പേര്‍ക്ക് ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം നല്‍കി.  മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു. 13 വാര്‍ഡുകളിലായി 2 അംഗങ്ങള്‍ വീതം 26 ഹരിത കര്‍മ്മ സേന അംഗങ്ങള്‍ പഞ്ചായത്തില്‍ സേവനം നല്‍കുന്നു. അജൈവ മാലിന്യ സംസ്‌കരണത്തിന് വാര്‍ഡ് തലത്തില്‍ 14 മിനി എംഎസ്എഫുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 5 മെറ്റിരിയല്‍ കളക്ഷന്‍ സംവിധനവും നിലവിലുണ്ട്. 36 ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്.  വിവധ പദ്ധതികളിലൂടെ 1251 വീടുകളിലും കംപോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  പശ്ചാത്തല വികസനം, ആരോഗ്യം, ഭിന്നശേഷി് ക്ഷേമം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം, ക്ഷീര മേഖല, കുടുംബശ്രീ എന്നിങ്ങനെ വിവിധ മേഖലകളിലും മികച്ച രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുന്നു.  

രാജകുമാരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന വികസന സദസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.ടി കുഞ്ഞ്, രാജകുമാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ്  മുകളേല്‍,  ത്രിതല പഞ്ചായത്തംഗങ്ങളായ കെ.ജെ സിജു, പി.രാജാറാം, ആശ സന്തോഷ്, എ.ചിത്ര, വിമലാദേവി, പി.കുമരേശന്‍, സോളി സിബി, എം. ഈശ്വരന്‍, ബെന്നി ആന്റണി, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളായ എം.എന്‍ ഹരിക്കുട്ടന്‍, എം.ബി ശ്രീകുമാര്‍, പോള്‍ പരത്തിപ്പിള്ളി, കെ.കെ തങ്കച്ചന്‍, പി.രവി, എ.പി വര്‍ഗീസ്, റോയി, ബിനി ജോസ്, വി.വി കുര്യാക്കോസ്,പി.ജെ ജോണ്‍സണ്‍,പീതാംബരന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.കെ കാഞ്ചന എന്നിവര്‍ സംസാരിച്ചു.