ആനിക്കാട് വികസന സദസ് സംഘടിപ്പിച്ചു

post

പത്തനംതിട്ട ആനിക്കാട് ഗ്രാമപഞ്ചായത്ത് വികസന സദസ് നൂറോന്മാവ് സെന്റ് മേരീസ് മലങ്കര സിറിയന്‍  കാതോലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനം വികസനത്തില്‍ മുന്നേറിയ കാലമാണ് കഴിഞ്ഞ 10 വര്‍ഷമെന്ന് അദ്ദേഹം പറഞ്ഞു .

ദേശീയപാത വികസനം ഉള്‍പ്പെടെ പശ്ചാത്തല സൗകര്യ വികസനം സര്‍ക്കാര്‍ സാധ്യമാക്കി. ചരക്കു നീക്കത്തിന് വേഗത ഉണ്ടാക്കുന്നതിന് വിഴിഞ്ഞം തുറമുഖം, ക്ഷേമ പെന്‍ഷന്‍, ലൈഫ്, അതിദാരിദ്ര നിര്‍മാര്‍ജനം തുടങ്ങി  എല്ലാ മേഖലയിലും സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. കിഫ്ബി ഫണ്ടിലൂടെ സ്‌കൂള്‍, ആശുപത്രി, റോഡ് എന്നിവ മെച്ചപ്പെടുത്തി. 83 കോടി രൂപ അനുവദിച്ച തിരുവല്ല-മല്ലപ്പള്ളി റോഡില്‍ സ്ഥലമെടുപ്പും മല്ലപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ 50 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനവും നടക്കുന്നു. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് വികസന സദസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മല്ലപ്പള്ളി ബ്ലോക്ക്പഞ്ചായത്തംഗം സുധികുമാര്‍ അധ്യക്ഷനായി.

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനുമാണ്  ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചത്.  

ഡിജി കേരളം പദ്ധതിയിലൂടെ കണ്ടെത്തിയ 1762 പഠിതാക്കള്‍ക്കും പരിശീലനം നല്‍കി പഞ്ചായത്ത് ഡിജിറ്റല്‍ സാക്ഷരത നേടി.  അതിദാരിദ്രത്തില്‍ നിന്ന് 13 കുടുംബങ്ങളെ മുക്തരാക്കി. വീട്, മരുന്ന്, ഭക്ഷണം എന്നിവ നല്‍കി. ലൈഫ് മിഷന്‍ വഴി 63 പേര്‍ക്ക് വീട് നല്‍കി. 16 വീട് നിര്‍മാണം പുരോഗമിക്കുന്നു. പഞ്ചായത്തിന്റെ ഭാവി വികസനത്തിന് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു.  

പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍, ഹരിതകര്‍മ സേന, തൊഴിലുറപ്പ്, ആശാ, കുടുംബശ്രീ പ്രവര്‍ത്തകര്‍, കായിക പ്രതിഭകള്‍ തുടങ്ങിയവരെ സദസില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഡെയ്സി വര്‍ഗീസ്, അംഗങ്ങളായ സി.സി പ്രേംസി, സി.എസ് ശാലിനി, മാത്യുസ് കല്ലുപുര, പഞ്ചായത്ത് സെക്രട്ടറി ബിന്നി ജോര്‍ജ്, അസിസ്റ്റന്റ് സെക്രട്ടറി ബിജു ആനന്ദ്,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി. കെ ബിന്ദു, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.