കര്‍ണാടകയിലെ ഇഞ്ചി കര്‍ഷകരുടെ പ്രശ്ന പരിഹാരത്തിന് ഇടപെടും

post

വയനാട് : കര്‍ണാടകയില്‍ ഇഞ്ചികൃഷിയില്‍ ഏര്‍പ്പെട്ട കര്‍ഷകരുടെ അടിയന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവിടങ്ങളിലെ കളക്ടര്‍മാരുമായി ഇടപെട്ട് നടപടികള്‍ കൈകൊളളാന്‍ തീരുമാനം.  ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ട്രറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കര്‍ണാടകയില്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുന്നതായി എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു എന്നിവര്‍ യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കോവിഡിന്റെ  മറവില്‍ കേരളത്തില്‍ നിന്നുള്ള കൃഷിക്കാരെ പലവിധ ചൂഷണത്തിനു വിധേയരാക്കുന്നതായി പരാതിയുണ്ട്. ഇവരുടെ ഭക്ഷണം, സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്താന്‍ അതാത് ജില്ലാ കളക്ടര്‍മാരുടെയും  പോലീസ് മേധാവികളുമായും ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു.

      മഴക്കാലത്തിനു മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട സര്‍ക്കാര്‍ മേഖലയിലെ സ്‌കൂള്‍, ആശുപത്രി തുടങ്ങിയ കെട്ടിടങ്ങളുടെയും റോഡുകളുടെയും പട്ടിക തയ്യാറാക്കും. ഏപ്രില്‍ 20 നു ശേഷം ഇവയുടെ പ്രവൃത്തി ആരംഭിക്കാന്‍ നടപടിയുണ്ടാകും.കര്‍ണാടകയില്‍ നിന്ന് കാല്‍നടയായും പച്ചക്കറി വാഹനങ്ങളില്‍ കയറിയും രഹസ്യമായി ജില്ലാതിര്‍ത്തി കടന്നു വരുന്നത് കര്‍ശനമായി തടയാന്‍ നടപടി സ്വീകരിക്കും. അതിര്‍ത്തിയിലെ നൂറ്റമ്പതോളം ഊടുവഴികളിലൂടെ ആളുകള്‍ എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  ഇവ നിയന്ത്രിക്കുന്നതിനു പോലീസ്, ഫോറസ്റ്റ് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്ക് അവര്‍ക്ക് പോകേണ്ട സ്ഥലത്തെ ജില്ലാ കളക്ടര്‍മാര്‍ നല്‍കുന്ന പാസ് ഹാജരാക്കിയാല്‍ തിരിച്ച് പോകുന്നതിനുള്ള അനുമതി നല്‍കും. ഹോട്ട്സ്പോട്ട് ജില്ലകളായ കാസര്‍കോട്,കോഴിക്കോട്, കണ്ണൂര്‍,മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവേശനം കര്‍ശനമായി വിലക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ് എന്നിവര്‍ പങ്കെടുത്തു.