വഴിയോര വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു

വയനാട് വൈത്തിരിയിൽ നിര്‍മാണം പൂർത്തീകരിച്ച വഴിയോര വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഇടത്താവളം വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു. പാചകം ചെയ്ത ഭക്ഷണവുമായി എത്തുന്ന വിനോദ സഞ്ചരികൾക്ക് അത് കഴിക്കാൻ ഇനി വഴിയരികിലെ സ്ഥലങ്ങളെ ആശ്രയിക്കേണ്ടതില്ലെന്നും, ഇടത്താവളം വഴിയോര വിശ്രമ കേന്ദ്രത്തിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഞ്ചാരികൾക്ക് വേണ്ട മറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
ജില്ലയുടെ കവാടമായ ലക്കിടിക്കടുത്ത് ദേശീയപാതയുടെ സമീപത്ത് സഞ്ചാരികൾക്കായി ഒരുക്കിയ വിശ്രമ കേന്ദ്രം ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 38.40 ലക്ഷവും ഗ്രാമ പഞ്ചായത്ത് വിഹിതമായ 5.97 ലക്ഷവും ധനകാര്യ കമ്മീഷന്റെ പ്രത്യേക ഗ്രാൻഡായ 5.21 ലക്ഷവും വിനിയോഗിച്ചാണ് 1943 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ കെട്ടിടം നിർമിച്ചത്.താഴെ നിലയിൽ കഫെറ്റീരിയ, വിശ്രമമുറി, ഫീഡിങ് റൂം, സ്ത്രീകൾക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകൾ, ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യമുള്ള ടോയ്ലറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിൽ നിന്ന് വിട്ടുകിട്ടിയ ഭൂമിയിലാണ് കെട്ടിടം നിര്‍മിച്ചത്. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല.
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷനായ ഉദ്ഘാടന പരിപാടിയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ചെയർപേഴ്സൺ ഉഷ തമ്പി , ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സീത വിജയൻ, വൈത്തിരി ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ എൻ.ഒ ദേവസി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ചെയർപേഴ്സൺ ഒ.ജിനിഷ, വൈത്തിരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ തോമസ്, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ജിപ്സൺ ജോസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരികർമ്മ സേനാഗംങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.