പുൽപ്പള്ളിയിൽ കർഷക സംഗമം സംഘടിപ്പിച്ചു

പാലുത്പാദനക്ഷമതയിൽ കേരളം മുൻപന്തിയിൽ: മന്ത്രി ജെ. ചിഞ്ചു റാണി
കർഷകക്ഷേമത്തിനായി പുൽപ്പള്ളിയിൽ നടപ്പാക്കിയ നൂതന പദ്ധതികൾക്ക് പ്രശംസ
വയനാട് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കർഷക സംഗമം മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.പാൽ ഉൽപാദന ക്ഷമത വർധിപ്പിക്കാൻ വ്യത്യസ്തവും നൂതനവുമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും പാലുത്പാദനത്തിൽ കേരളം ദേശീയതലത്തിൽ മുൻപന്തിയിലാണെന്നും മന്ത്രി പറഞ്ഞു.
ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയും പന്നിപ്പനി മൂലം ജീവനോപാധി നഷ്ടപ്പെട്ട കർഷകർക്കുള്ള ധനസഹായ വിതരണവും മന്ത്രി നിർവഹിച്ചു. മൃഗസംരക്ഷണ, ക്ഷീരമേഖലകളിൽ വൈവിധ്യമാര്‍ന്ന പദ്ധതികളും നൂതനാശയങ്ങളും കർഷക ക്ഷേമപ്രവർത്തനങ്ങളും ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതിൽ പുൽപ്പള്ളി മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
പുൽപ്പള്ളി- മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായ വെറ്റ് ഓൺ വീൽസ് എന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി, ഗർഭിണികളായ പശുക്കൾക്കും കന്നു കുട്ടികൾക്കും നൽകുന്ന സമഗ്ര പോഷക സംരക്ഷണ പരിപാടിയായ എന്റെ പൈക്കിടാവ്, കേരളത്തിലെ ആദ്യമായ ഡിജിറ്റിൽ ഒ.പി സംവിധാനമുള്ള വെറ്ററിനറി ഹോസ്‌പിറ്റൽ, ഗ്രാമപഞ്ചായത്തിലെ എല്ലാ ക്ഷീര കർഷകർക്കും സൗജന്യ നിരക്കിൽ കാലിത്തീറ്റ ലഭ്യത ഉറപ്പുവരുത്തുന്ന വേനൽകാല കറവ സംരക്ഷണ പദ്ധതി, ഗോത്രവർഗ്ഗ സങ്കേതങ്ങളിൽ പോത്തു വളർത്തൽ യൂണിറ്റുകൾ, കറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി പാലിനു സബ്സിഡി, പുൽപ്പള്ളി മൃഗാശുപത്രി മുഖേനയുള്ള ചികിത്സ ശാക്തീകരണത്തിന് പ്രതിവർഷം 25 ലക്ഷം രൂപയുടെ വെറ്ററിനറി മരുന്നുകൾ, 200-ഓളം പശുക്കുട്ടികൾക്ക് പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ആനുകൂല്യം, 1500 ഓളം കുടുംബങ്ങളിൽ കോഴിവളർത്തൽ യൂണിറ്റുകൾ, കൂടാതെ പൊതുജന സുരക്ഷ മുൻനിർത്തി പേവിഷപ്രതിരോധ നടപടികളും എബിസി പദ്ധതിയും തുടങ്ങി മൃഗസംരക്ഷണ, ക്ഷീര മേഖലകളിൽ ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ഒത്തുചേർന്ന് വിപുലമായ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്.
എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, അംഗങ്ങളായ മേഴ്‌സി ബെന്നി, രജനി ചന്ദ്രൻ, പുൽപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് ശോഭന സുകു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷ തമ്പി, അംഗം ബീന ജോസ്, പുൽപള്ളി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീദേവി മുല്ലക്കൽ, ജോളി നരിതൂക്കിൽ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ വിമൽ രാജ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ടി.യു ഷാഹിന, പുൽപ്പള്ളി വെറ്ററിനറി ആശുപത്രി സീനിയർ സർജൻ ഡോ. കെ.എസ് പ്രേമൻ, പുൽപള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ സുധ, മറ്റു ജനപ്രതിനിധികൾ, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.