നെല്ലുസംഭരണം കാര്യക്ഷമം; തടത്തില്‍പ്പാടത്ത് നൂറുമേനി വിളവെടുപ്പിനു തുടക്കം
ആലപ്പുഴ : മൂന്നു പതിറ്റാണ്ടിനിപ്പുറം കതിരണിഞ്ഞ പുന്നപ്ര തെക്ക് തടത്തില്‍പ്പാടത്ത് നൂറുമേനി വിളവെടുപ്പ് പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് 19 പ്രതിരോധ ലോക്ക് ഡൗണ്‍ ആയതിനാല്‍ സാമൂഹിക അകലം പാലിച്ച് കര്‍ശന മുന്‍കരുതലോടെയാണ് കൊയ്ത്ത്. മുഴുവന്‍ പാടശേഖരങ്ങളിലേയും വിളവെടുപ്പിന്റെ ചുമതല മന്ത്രിമാരാണ് വഹിക്കുന്നതെന്നും,സിവില്‍ സപ്ലൈസ് കാര്യക്ഷമമായ നെല്ലു സംഭരണമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.ആളുകള്‍ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കി, ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പ്രകാരം നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധര്‍മ്മ ഭുവനചന്ദ്രന്‍, അംഗം ആര്‍ രജിമോന്‍, സെക്രട്ടറി എസ് ബിജി, കൃഷി ഓഫീസര്‍ ബി ജഗന്നാഥന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ ബാബു, പാടശേഖര സമിതി ഭാരവാഹികളായ സി വി ഉണ്ണി, സെക്രട്ടറി അബ്ദുള്‍ റസാക്ക്, കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
തരിശുഭൂമി കൃഷിയോഗ്യമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് നൂറ് ദിവസം മുമ്പായിരുന്നു പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ 30 വര്‍ഷത്തോളമായി തരിശുകിടന്ന തടത്തില്‍ പാടത്ത് ഉത്സവഛായയില്‍ വിത്തെറിഞ്ഞത്. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ കൃഷിയോഗ്യമാക്കിയ 10 ഏക്കറില്‍ എല്‍ എസ് ജി ഡിയുടെ 2.5 ലക്ഷവും ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി വിഹിതവും വിനിയോഗിച്ച് നിലമൊരുക്കി. തൊഴിലുറപ്പുതൊഴിലാളികള്‍ പുറംബണ്ടു ബലപ്പെടുത്തി കയര്‍ ഭൂവസ്ത്രം വിരിക്കുകയും തോടിന്റെ ആഴം കൂട്ടുകയും ചെയ്തു. ഇതോടെ കൃഷിയാവശ്യത്തിനു വെള്ളം സുലഭമായി.
പാടത്ത് മോട്ടോര്‍ ഘടിപ്പിക്കുന്നതിന് വൈദ്യുതി ലഭ്യമാക്കാന്‍ 13 പോസ്റ്റുകള്‍ സ്ഥാപിച്ചു. പോസ്റ്റുകളില്‍ വഴിവിളക്കുകള്‍ ഘടിപ്പിച്ചതോടെ പതിറ്റാണ്ടുകളായി കാടുപിടിച്ചുകിടന്ന പാടവരമ്പ് നാട്ടുകാര്‍ക്ക് സഞ്ചാരയോഗ്യവുമായി. പാടത്തിന്റെ പുറം വരമ്പുകളില്‍ പച്ചക്കറി കൃഷി ആരംഭിക്കുകയും ചെയ്തു. കര്‍ഷകരും കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പു തൊഴിലാളികളും ഉള്‍പ്പെടെ നാടൊന്നടങ്കം കൊയ്ത്തുപാട്ടുകളും മറ്റു നാടന്‍ കലാപരിപാടികളുമൊക്കെയായി വിതഉത്സവം ആഘോഷമാക്കി മാറ്റിയിരുന്നു.