പുനർ നിർമ്മിച്ച മുപ്പാലം ഉദ്‌ഘാടനം ചെയ്തു; സിനിമ ടൂറിസം പരിഗണനയിൽ

post

പുനർ നിർമ്മിച്ച മുപ്പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. അന്യഭാഷ ചലച്ചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകളുടെ ഷൂട്ടിംഗ് ചരിത്രം കേറുന്ന മുപ്പാലം പുനർനിർമ്മാണം നടത്തി നാൽപ്പാലം ആക്കി മാറ്റുമ്പോൾ ഇവിടെ ചിത്രീകരിച്ച സിനിമകളുടെ ചരിത്രം കൂടി ഉൾപ്പെടുത്തി പുതിയൊരു പദ്ധതി ടൂറിസം വകുപ്പ് പരിഗണിക്കുമെന്ന് ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ആവിഷ്കരിച്ച കിരീടം പാലത്തിന്റെ തുടർച്ചയായി ഉള്ള ഒരു പദ്ധതിയാണ് ആലപ്പുഴയ്ക്കും പരിഗണിക്കുക. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പിലാക്കുന്ന സിനിമ ടൂറിസം പദ്ധതിയുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഷാറൂഖാൻ അഭിനയിച്ച ദിൽസേ,ഫാസിലിന്റെ ചലച്ചിത്രങ്ങൾ, സത്യൻ, പ്രേം നസീർ തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച സിനിമകളുടെ ചിത്രീകരണത്തിന് വേദിയായ മുപ്പാലത്തെ മന്ത്രി പ്രത്യേകം പ്രസംഗത്തിൽ പരാമർശിച്ചു.

ആലപ്പുഴ കേരള ടൂറിസത്തിന്റെ അവിഭാജ്യമായ ഒരു ഡെസ്റ്റിനേഷൻ ആണ്.കേരളത്തിലെ ടൂറിസം മേഖലയിൽ ആകെ വലിയ മുന്നേറ്റം ഉണ്ടാകുന്നു. റെക്കോർഡ് സഞ്ചാരികളാണ് എത്തിയത്.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വൻവർധനവ് ഉണ്ടായി

2025 ലെ ആദ്യ ആറു മാസത്തെ കണക്ക് അനുസരിച്ച് ആലപ്പുഴയിൽ മുൻവർഷത്തെ ഇതേ കാലയളവിനേക്കാൾ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 95.5 ശതമാനത്തിന്റെ വർധനവ് ആണ് ഉണ്ടായിട്ടുള്ളത്.

ആഭ്യന്തര സഞ്ചാരികളുടെ കാര്യത്തിൽ മുൻ വർഷത്തെ ആദ്യ ആറുമാസത്തേക്കാൾ 27.08 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.

ഈ മുന്നേറ്റം ആലപ്പുഴയുടെ ടൂറിസം മേഖലയ്ക്കാകെ ഉണർവ്വേകുന്ന മുന്നേറ്റം ആണ്.ഈ സാഹചര്യത്തിൽ ആണ് ആലപ്പുഴ യുടെ ടൂറിസം വികസനത്തിന് പുതിയ

പദ്ധതി സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിക്കുകയും 93.17 കോടി രൂപയുടെ അനുമതി നേടിയെടുക്കാനും സംസ്ഥാനത്തിനായി. പദ്ധതി സമയബന്ധിതമായി തന്നെ പൂർത്തിയാക്കും എന്ന് മന്ത്രി പറഞ്ഞു.